ന്യൂഡല്‍ഹി: മെട്രോ നിരക്കുവര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. നിരക്ക് കുറയ്ക്കുന്നതിനൊപ്പം വിദ്യാര്‍ഥികള്‍ക്ക് മെട്രോ കണ്‍സെഷന്‍ അനുവദിക്കണമെന്നും എ.ഐ.ഡി.എസ്.ഒ. ആവശ്യപ്പെട്ടു. നിരക്ക് പിന്‍വലിക്കണമെന്നാവശ്യവുമായി ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഒപ്പുവെച്ച നിവേദനവും ഡി.എം.ആര്‍.സി.ക്കു നല്‍കി.

മെട്രോ നിരക്ക് കുത്തനെകൂട്ടിയത് ഏറ്റവുമധികം ബാധിച്ചത് വിദ്യാര്‍ഥികളെയാണ്. ഇപ്പോള്‍ കൂടുതല്‍ വിദ്യാര്‍ഥികളും ബസുകളെ ആശ്രയിക്കേണ്ടി വരുന്നു. ബസ് യാത്ര സുരക്ഷിതമല്ലെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിനിക്ക് ബസില്‍വെച്ചുണ്ടായ മോശം അനുഭവം ചൂണ്ടിക്കാട്ടി സംഘടന വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഒട്ടേറെ വിദ്യാര്‍ഥികള്‍ ഡല്‍ഹിയിലുണ്ട്. പഠനത്തിനും താമസത്തിനും നല്ലൊരു തുക ചെലവാകുന്ന സാഹചര്യത്തില്‍ മെട്രോ നിരക്കുവര്‍ധന താങ്ങാനാകില്ല. വിദ്യാര്‍ഥികള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാനുള്ള അവകാശമാണ് മെട്രോ അധികൃതര്‍ ഇല്ലാതാക്കുന്നതെന്നും സംഘടനാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

ഓള്‍ ഇന്ത്യാ മഹിളാ സാന്‍സ്‌കൃതിക് സംഗാതന്‍, ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് യൂത്ത് ഓര്‍ഗനൈസേഷന്‍, ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ സെന്റര്‍ തുടങ്ങിയ സംഘടനകളും മാര്‍ച്ചില്‍ പങ്കെടുത്തു. കഴിഞ്ഞ രണ്ടാഴ്ചയായി എ.ഐ.ഡി.എസ്.ഒ.യുടെ നേതൃത്വത്തില്‍ നടന്ന പ്രചാരണ പരിപാടിയുടെ സമാപനം കൂടിയായിരുന്നു ഇത്.