ന്യൂഡല്‍ഹി: തലസ്ഥാനനഗരവാസികള്‍ക്കു ക്രിസ്മസ് സമ്മാനമായി മെട്രോ മജന്ത പാത ഗതാഗതത്തിനു തുറന്നു. ഡല്‍ഹിയെയും എന്‍.സി.ആറിനെയും ബന്ധിപ്പിക്കുന്ന 12.64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. നോയ്ഡയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ തെക്കന്‍ ഡല്‍ഹിയിലെ കല്‍ക്കാജി മന്ദിര്‍ വരെയുള്ളതാണ് ഈ പാത. മെട്രോ ശൃംഖലയില്‍ ആദ്യമായി ഡ്രൈവറില്ലാത്ത വണ്ടി സര്‍വീസിനിറക്കുന്ന ആദ്യപാതയാണെന്നതാണ് മുഖ്യസവിശേഷത. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു.പി. ഗവര്‍ണര്‍ രാം നായിക്, കേന്ദ്രമന്ത്രി മഹേഷ് ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു. അതേസമയം, ചടങ്ങു നടക്കുന്നതു നോയ്ഡയിലാണെന്നപേരില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഉദ്ഘാടനത്തിനു ക്ഷണിച്ചില്ല.

വര്‍ത്തമാനകാലത്തേക്കു മാത്രമല്ല, വരും തലമുറകള്‍ക്കുകൂടി പ്രയോജനപ്പെടുന്നതാണ് മെട്രോ ശൃംഖലയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്നത്തെകാലത്ത് ഏറെ പ്രധാനപ്പെട്ടതാണ് പരസ്​പരബന്ധിതമായ യാത്രാശൃംഖല. പെട്രോള്‍ ഉപഭോഗം കുറയ്ക്കാന്‍ മെട്രോ സഹായിക്കും. സ്വാതന്ത്ര്യലബ്ധിയുടെ വജ്രജൂബിലി 2022 ഓടെ ആഘോഷിക്കുമ്പോള്‍ പെട്രോള്‍ ഉപഭോഗം കുറഞ്ഞ ഒരു രാജ്യമാണ് തന്റെ സ്വപ്‌നം. ഇതിനായി സ്വന്തമായി രൂപകല്‍പ്പനചെയ്ത സംവിധാനം വേണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദേശതാത്പര്യം കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനങ്ങള്‍. അല്ലാതെ രാഷ്ട്രീയനേട്ടത്തിനായല്ല. നിയമങ്ങള്‍ ഉണ്ടാക്കിയതിലായിരുന്നു മുന്‍സര്‍ക്കാരുകളുടെ അഭിമാനം. കാലഹരണപ്പെട്ട നിയമങ്ങള്‍ തീരുമാനമെടുക്കലിനെ തടസ്സപ്പെടുത്തുമ്പോള്‍ സത്ഭരണം സാധ്യമാവില്ലെന്നാണ് ഈ സര്‍ക്കാരിന്റെ നിലപാട്. അഭിവൃദ്ധിയുള്ള രാജ്യമാണ് ഇന്ത്യ. എന്നാല്‍, മോശം ഭരണത്തെ തുടര്‍ന്ന് രാജ്യത്തെ ജനങ്ങള്‍ ഗുണഫലങ്ങളില്‍നിന്ന് അകറ്റപ്പെടുന്നു. ഇതിനൊക്കെ മാറ്റംവരുത്തുകയാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ വികസനത്തിനു വഴിയൊരുക്കിയ വ്യക്തിയാണ് മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി. 2002 ഡിസംബര്‍ 24-ന് ഡല്‍ഹി മെട്രോയില്‍ സഞ്ചരിച്ച ആദ്യവ്യക്തി അദ്ദേഹമാണ്. അതിനുശേഷം അത്ഭുതകരമായ നേട്ടം ഡല്‍ഹി മെട്രോയിലുണ്ടായെന്നും നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

ആഗ്രയിലും കാണ്‍പുരിലും പുതിയ മെട്രോപാത തുറക്കുമെന്ന് യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. നോയ്ഡയ്ക്കു സമീപത്തെ ജേവാര്‍ വിമാനത്താവളത്തിനു തുടക്കമിട്ടതായും അദ്ദേഹം പറഞ്ഞു. നോയ്ഡ ബൊട്ടാണിക്കല്‍ ഗാര്‍ഡനെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലമായി വികസിപ്പിക്കാന്‍ കേന്ദ്രസഹായം വേണമെന്ന് മന്ത്രി മഹേഷ് ശര്‍മ അഭ്യര്‍ഥിച്ചു. മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിക്കും ഗവര്‍ണര്‍ക്കുമൊപ്പം പ്രധാനമന്ത്രി മെട്രോയില്‍ സഞ്ചരിക്കുകയും ചെയ്തു.