ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ സൃഷ്ടിക്കുന്ന ശബ്ദ മലിനീകരണത്തിനെതിരേ അഞ്ചുവയസ്സുകാരി. രോഹിണി സ്വദേശിനിയായ സമൃദ്ധി ഗോസ്വാമിയാണ് മെട്രോയ്‌ക്കെതിരേ ദേശീയ ഹരിത ട്രിബ്യൂണലിനെ സമീപിച്ചത്. മെട്രോ ട്രെയിനില്‍നിന്നുള്ള ശബ്ദത്തിനുപുറമേ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും മലിനീകരണത്തിന് കാരണമാകുന്നുവെന്ന് അച്ഛന്‍ രാകേഷ് ഗോസ്വാമിയുടെ സഹായത്തോടെ തയ്യാറാക്കിയ പരാതിയില്‍ പറയുന്നു. രോഹിണി സെക്ടര്‍ 18, 19 മെട്രോ സ്റ്റേഷനുകള്‍ മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് സമൃദ്ധിയുടെ ആവശ്യം.

മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍മൂലം ശബ്ദമലിനീകരണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഡല്‍ഹി മലിനീകരണനിയന്ത്രണസമിതിയോട് സമൃദ്ധിയുടെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. അനുവദനീയ അളവില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കരുതെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനോടും നിര്‍ദേശിച്ചു.

മെട്രോ സ്റ്റേഷനുകളില്‍ ശബ്ദനിയന്ത്രണ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്നും സമീപവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും സമൃദ്ധി ആവശ്യപ്പെട്ടു. ശബ്ദമലിനീകരണം ഉറക്കക്കുറവ്, പിരിമുറുക്കം, രക്താതിസമ്മര്‍ദം എന്നിവയ്ക്ക് കാരണമായേക്കുമെന്നും പരാതിയിലുണ്ട്. മെട്രോ കോര്‍പ്പറേഷനുള്‍പ്പെടെ അധികാരികള്‍ക്ക് നിരവധിതവണ സമൃദ്ധി പരാതിനല്‍കിയിട്ടുണ്ട്. എവിടെയും അനുകൂലമായ തീരുമാനം ഉണ്ടാകാത്തതിനാലാണ് ഒടുവില്‍ ട്രിബ്യൂണലിനെ സമീപിച്ചത്.