ന്യൂഡല്‍ഹി: മെട്രോയിലെ യാത്രക്കാരുടെ എണ്ണത്തില്‍ കുറവുണ്ടായതിനെ നിരക്കുവര്‍ധനയുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്ര നഗരവികസന സഹമന്ത്രി ഹര്‍ദീപ് സിങ് പുരി. മെട്രോയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് നിരക്കുവര്‍ധന അനിവാര്യമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

നിരക്ക് വര്‍ധിപ്പിച്ചിട്ടും ലോകത്തെ ഏറ്റവും കുറഞ്ഞനിരക്ക് ഡല്‍ഹി മെട്രോയുടേതാണ്. രാജ്യത്തെ മെട്രോകളില്‍ ഏറ്റവുംകുറഞ്ഞ നിരക്ക് ഈടാക്കുന്നതും ഡല്‍ഹി മെട്രോയാണ്. യാത്രക്കാര്‍ കുറഞ്ഞതിന് നിരക്കുവര്‍ധന കാരണമായിട്ടില്ല. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ കാലയളവില്‍ പ്രതിദിനം 1.3 ലക്ഷം യാത്രക്കാരുടെ കുറവുണ്ടായിരുന്നു. ഇത് നിരക്കുവര്‍ധനയ്ക്ക് മുമ്പുള്ള അനുഭവമാണെന്നും മന്ത്രി പറഞ്ഞു.

യാത്രാനിരക്ക് കുത്തനെ ഉയര്‍ത്തിയത് മെട്രോയെ കൊല്ലുമെന്ന മുഖ്യമന്ത്രി കെജ്രിവാളിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ചില മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കുറയുകയും ചില മാസങ്ങളില്‍ കൂടുകയും ചെയ്യുന്നത് എല്ലാവര്‍ഷത്തെയും അനുഭവമാണ്. മുമ്പും നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ കുറച്ചുദിവസത്തേക്ക് യാത്രക്കാരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. പിന്നീട് യാത്രക്കാരുടെ എണ്ണം സാധാരണനിലിയിലെത്തിയിട്ടുണ്ട്. നവംബറില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എട്ട് വര്‍ഷത്തിനുശേഷമാണ് നിരക്ക് വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് തീരുമാനിക്കുന്നതിനുള്ള നിരക്ക് നിശ്ചയിക്കല്‍ കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍ രണ്ടുതവണയായി വര്‍ധന വരുത്താനാണ് തീരുമാനിച്ചത്. മേയിലും ഒക്ടോബറിലും വര്‍ധന വരുത്താനാണ് നിശ്ചയിച്ചിരുന്നത്. വന്‍ മൂലധനമുടക്കുള്ള പ്രസ്ഥാനമാണ് മെട്രോ. ദീര്‍ഘകാല ബാധ്യതയാണ് മെട്രോയ്ക്കുള്ളത്. ഇത് കാര്യക്ഷമമായി നടത്തിക്കൊണ്ടുപോകണമെങ്കില്‍ വായ്പ ഗഡുക്കള്‍ സമയബന്ധിതമായി അടച്ചുതീര്‍ക്കണം. നിലവില്‍ ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയില്‍നിന്ന് 28,268 കോടിയുടെ വായ്പയാണ് ഡി.എം.ആര്‍.സി.ക്കുള്ളത്. ഇതുവരെ 1,507 കോടി രൂപയാണ് തിരിച്ചടച്ചിരിക്കുന്നത്. ഈവര്‍ഷം പലിശയടക്കം 890 കോടി രൂപ അടയ്ക്കണമെന്നും മന്ത്രി പറഞ്ഞു.

യാത്രാനിരക്ക് വര്‍ധിപ്പിച്ചതിനെത്തുടര്‍ന്ന് പ്രതിദിനം മൂന്ന് ലക്ഷം യാത്രക്കാരുടെ കുറവുണ്ടായിട്ടുണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം ഡി.എം.ആര്‍.സി. മറുപടി നല്‍കിയത്. കഴിഞ്ഞ മേയ് വരെ പ്രതിദിനം 28 ലക്ഷത്തോളം പേരാണ് മെട്രോയില്‍ യാത്രചെയ്തിരുന്നത്. മേയില്‍ നടപ്പാക്കിയ ഒന്നാംഘട്ട വര്‍ധനയെത്തുടര്‍ന്ന് ജൂണില്‍ യാത്രക്കാരുടെ എണ്ണത്തില്‍ പ്രതിദിനം 1.5 ലക്ഷത്തിന്റെ കുറവുണ്ടായി. എന്നാല്‍ ജൂലായിലും ഓഗസ്റ്റിലും യാത്രക്കാരുടെ എണ്ണം വര്‍ധിച്ചു. ഓഗസ്റ്റില്‍ യാത്രക്കാരുടെ എണ്ണം 27 ലക്ഷമായി ഉയര്‍ന്നു.

കഴിഞ്ഞവര്‍ഷം ജൂലായ്, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ യഥാക്രമം 26.9 ലക്ഷം, 28.5 ലക്ഷം, 28.4 ലക്ഷം യാത്രക്കാരാണുണ്ടായിരുന്നത്.