ന്യൂഡല്‍ഹി: മെട്രോ യാത്രക്കാര്‍ക്ക് ആശ്വസിക്കാം. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് ഡി.എം.ആര്‍.സി. ജീവനക്കാര്‍ തിങ്കളാഴ്ചമുതല്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. സമരം പ്രഖ്യാപിച്ചിരുന്ന ജീവനക്കാര്‍ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിച്ചെന്നും ജീവനക്കാര്‍ സമരം പിന്‍വലിച്ചെന്നും ഡി.എം.ആര്‍.സി. അറിയിച്ചു.

മനേജിങ് ഡയറക്ടര്‍ ഡോ. മാംഗു സിങ്, സീനിയര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ജീവനക്കാരുമായി പലവട്ടം നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നപരിഹാരമുണ്ടായതെന്ന് ഡി.എം.ആര്‍.സി. മുഖ്യവക്താവ് അനൂജ് ദയാല്‍ പറഞ്ഞു. സമരം പിന്‍വലിച്ച സ്ഥിതിക്ക് തിങ്കളാഴ്ച മെട്രോ സര്‍വീസുകള്‍ പതിവുപോലെ നടക്കും.

എക്‌സിക്യൂട്ടീവ് ഇതര തസ്തികകളില്‍ ജോലിചെയ്യുന്ന 9000 തൊഴിലാളികളാണ് ശമ്പളവര്‍ധന ആവശ്യപ്പെട്ട് പണിമുടക്ക് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പ്രതിഷേധസൂചകമായി കറുത്ത റിബണ്‍ ധരിച്ചാണ് ഇവര്‍ ജോലിക്ക് ഹാജരായത്. കഴിഞ്ഞ മൂന്നുദിവസമായി ചില സ്റ്റേഷനുകളില്‍ കുത്തിയിരിപ്പ് സമരവും നടത്തി.

ഈ പശ്ചാത്തലത്തില്‍ ശനിയാഴ്ച കേന്ദ്ര നഗരവികസന സെക്രട്ടറി ഡി.എസ്. മിശ്രയുടെ അധ്യക്ഷതിയില്‍ അടിയന്തരയോഗം ചേര്‍ന്നിരുന്നു. ഡല്‍ഹി ചീഫ് സെക്രട്ടറി എം.എം. കുട്ടി, ഡി.എം.ആര്‍.സി. മാനേജിങ് ഡയറക്ടര്‍ ഡോ. മാംഗു സിങ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.