ന്യൂഡല്‍ഹി: ശമ്പളം വര്‍ധിപ്പിച്ചില്ലെങ്കില്‍ പണിമുടക്കുമെന്ന് മെട്രോ ജീവനക്കാരുടെ ഭീഷണി. ട്രെയിന്‍ ഓപ്പറേറ്റര്‍മാരും അറ്റകുറ്റപ്പണി ത്തൊഴിലാളികളുമടക്കമുള്ളവരാണ് ആവശ്യം മുന്നോട്ടു വെച്ചിട്ടുള്ളത്. പ്രതീകാത്മകമായി ജീവനക്കാര്‍ വെള്ളിയാഴ്ച കൈയില്‍ കറുത്ത ബാന്‍ഡുകളണിഞ്ഞ് ജോലിക്കു ഹാജരായി. ആവശ്യമുന്നയിച്ച് അതത് ഷിഫ്റ്റുകളില്‍ മുദ്രാവാക്യങ്ങളും മുഴക്കിയെന്ന് സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി അനില്‍കുമാര്‍ മഹാതോ പറഞ്ഞു. എന്നാല്‍, സമരം മെട്രോ സര്‍വീസുകളെ ബാധിച്ചില്ല.

ഡി.എം.ആര്‍.സി.യില്‍ സാമ്പത്തിക ക്രമക്കേടുണ്ടെന്നാണ് ജീവനക്കാരുടെ മറ്റൊരു ആരോപണം. ആവശ്യം അംഗീകരിക്കാന്‍ ഡി.എം.ആര്‍.സി. തയ്യാറായില്ലെങ്കില്‍ 24-ന് മെട്രോ സര്‍വീസുകള്‍ സ്തംഭിപ്പിക്കുമെന്ന് മഹാതോ മുന്നറിയിപ്പു നല്‍കി. ഏറെക്കാലമായി ജീവനക്കാര്‍ ആവശ്യപ്പെടുന്നതാണ് ശമ്പള പരിഷ്‌കരണം. തനിക്കും സഹപ്രവര്‍ത്തകന്‍ രവി ഭരദ്വാജിനുമെതിരെ നടപടിയെടുത്ത ഡി.എം.ആര്‍.സി.യുടെ തീരുമാനം പിന്‍വലിക്കണമെന്നും മഹാതോ ആവശ്യപ്പെട്ടു.

കഴിഞ്ഞദിവസം ഡി.എം.ആര്‍.സി. സ്റ്റാഫ് കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യം ഈ യോഗത്തില്‍ ആവര്‍ത്തിക്കപ്പെട്ടെങ്കിലും അംഗീകരിക്കപ്പെട്ടില്ല. സ്റ്റേഷന്‍ കണ്‍ട്രോളര്‍മാര്‍, യാത്രാ സഹായികള്‍ തുടങ്ങിയവരുള്‍പ്പെടെ ഒമ്പതിനായിരത്തോളം ജീവനക്കാര്‍ ഉള്‍പ്പെട്ടതാണ് ഇപ്പോള്‍ സമരഭീഷണി മുഴക്കിയിട്ടുള്ള നോണ്‍-എക്‌സിക്യൂട്ടീവ് വിഭാഗം.

2015 മുതല്‍ ശമ്പള പരിഷ്‌കാരം ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപ്പായിട്ടില്ലെന്ന് സ്റ്റാഫ് കൗണ്‍സില്‍ നേതാക്കള്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് വിഭാഗവും ഇതരവിഭാഗവും തമ്മിലുള്ള അന്തരം വര്‍ധിച്ചു. വിമാനത്താവളപാത ഏറ്റെടുത്ത കേസിനെച്ചൊല്ലി ട്രൈബ്യൂണല്‍ ഉത്തരവിട്ട പിഴത്തുകയുടെ ഭാരവും ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടക്കുന്നതായി സമരക്കാര്‍ പറഞ്ഞു. ദ്വാരക, ബദര്‍പുര്‍, യമുന ബാങ്ക്, ജഹാംഗീര്‍പുരി, വിശ്വവിദ്യാലയ, കുത്തബ്മീനാര്‍, ശാഹ്ദ്ര എന്നീ മെട്രോ സ്റ്റേഷനുകളില്‍ പ്രതിഷേധ പ്രകടനങ്ങളുണ്ടായി.

അതേസമയം, ശമ്പളം വര്‍ധിപ്പിക്കാനുള്ള ചര്‍ച്ചകള്‍ പലവട്ടം നടത്തിയിട്ടുണ്ടെന്ന് ഡി.എം.ആര്‍.സി. പ്രത്യേകം സര്‍ക്കുലര്‍ വഴി ജീവനക്കാരെ അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള മൂന്നാം ശമ്പള കമ്മിഷന്‍ ശുപാര്‍ശ ഉടന്‍ ലഭിക്കാനാണ് സാധ്യത. അപ്പോള്‍ മാത്രമേ ജീവനക്കാരുടെ ശമ്പള വര്‍ധനവിന്റെ കാര്യം പരിഗണിക്കാനാവൂ. കരാര്‍ ചട്ടങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ചില ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതാണ് ഇപ്പോഴത്തെ സമരത്തിനുള്ള പ്രകോപനമെന്നും ഡി.എം.ആര്‍.സി. മാനേജ്‌മെന്റ് പറഞ്ഞു. വ്യക്തിപരമായ താത്പര്യം മുന്‍നിര്‍ത്തി തടസ്സങ്ങളുണ്ടാക്കുകയാണ് ചിലര്‍. ജീവനക്കാരുടെ ക്ഷേമത്തില്‍ മാനേജ്‌മെന്റിന് ഉത്തരവാദിത്വബോധമുണ്ട്. അപവാദപ്രചാരണങ്ങളില്‍ വീണു പോവരുതെന്നും സമരത്തില്‍നിന്ന് ജീവനക്കാരെല്ലാം വിട്ടു നില്‍ക്കണമെന്നും ഡി.എംആര്‍.സി. അഭ്യര്‍ഥിച്ചു.