ഡല്‍ഹി മെട്രോ വികസനംന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയുടെ വിമാനത്താവളപാത ദ്വാരക സെക്ടര്‍ 25 വരെ നീട്ടും. ഇതിനായി പുതുതായിവരുന്ന അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്ററിനുസമീപത്തായി ഭൂഗര്‍ഭ മെട്രോ സ്റ്റേഷന്‍ സ്ഥാപിക്കും. സ്റ്റേഷനും ഒന്നര കിലോമീറ്റര്‍ പാതയും നിര്‍മിക്കാന്‍ ഡി.എം.ആര്‍.സി. ടെണ്ടര്‍ ക്ഷണിച്ചു.

നിലവില്‍ ന്യൂഡല്‍ഹി മുതല്‍ ദ്വാരക സെക്ടര്‍ 21 വരെയാണ് എയര്‍പോര്‍ട്ട് എക്‌സ്​പ്രസ് ലൈന്‍ എന്ന വിമാനത്താവള പാത. ഇത് ദ്വാരക 21-ല്‍നിന്ന് സെക്ടര്‍ 25-ലേക്ക് നീട്ടാനാണ് പദ്ധതി. കഴിഞ്ഞവര്‍ഷമാണ് ഇതിന്റെ സാധ്യതാപഠനം നടത്തിയത്. ഓഗസ്റ്റ് 14 വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. ഓഗസ്റ്റ് 16-ന് ടെന്‍ഡര്‍ തുറക്കും.

മെട്രോ പാത അവസാനിക്കുന്നതിന് സമീപംതന്നെയാണ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റര്‍വരുന്നത്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം അംഗീകരിച്ച ഈ പദ്ധതിക്ക് 26,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഏഷ്യയിലെ ഏറ്റവുംവലിയ കണ്‍വെന്‍ഷന്‍ സെന്ററുകളിലൊന്നാകും ഇത്. കണ്‍വെന്‍ഷന്‍ സെന്ററിന്റെ ആദ്യഘട്ടം അടുത്തവര്‍ഷം ജൂണില്‍ പൂര്‍ത്തിയാകും.

മെട്രോയുടെ വിമാനത്താവളപാതയില്‍ ആറ് സ്റ്റേഷനുകളാണുള്ളത്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറാണ് എയര്‍പോര്‍ട്ട് എക്‌സ്​പ്രസ് പാത നടത്തിയിരുന്നത്. എന്നാല്‍ അവര്‍ വിട്ടുപോയതോടെ 2013 ജൂലായില്‍ ഡി.എം.ആര്‍.സി. ഏറ്റെടുത്തു.