ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആസ്​പത്രികളില്‍ മുഖ്യമന്ത്രിയുടെ മിന്നല്‍പരിശോധന. എല്‍.എന്‍.ജെ.പി., ജി.പി. പന്ത് ആസ്​പത്രികളിലാണ് ചൊവ്വാഴ്ച കെജ്രിവാളിന്റെ മിന്നല്‍ പരിശോധന. ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിനും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

ആസ്​പത്രിയില്‍ മരുന്നിനായി വരിനിന്നവരോട് മുഖ്യമന്ത്രി സംസാരിച്ചു. ആവശ്യമായ ആരോഗ്യപരിരക്ഷയും മരുന്നുകളും ലഭിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചറിഞ്ഞു. ജി.ബി. പന്ത് ആസ്​പത്രിയില്‍ ചില മരുന്നുകള്‍ ലഭ്യമല്ലെന്ന് കണ്ടെത്തി. തുടര്‍ന്ന്, മരുന്നുശേഖരണത്തിന്റെ രേഖകള്‍ പരിശോധിച്ച മുഖ്യമന്ത്രി ആസ്​പത്രി ഡയറക്ടറോട് അടിയന്തരമായി തന്റെ ഓഫീസില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചു.

എല്‍.എന്‍.ജെ.പി.യിലെ പരിശോധനയില്‍ കുറിച്ചുകൊടുക്കുന്ന മരുന്നുകള്‍ കിട്ടാറുണ്ടെന്ന് രോഗികള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു. ആസ്​പത്രി കൗണ്ടറുകളില്‍ ലഭ്യമാക്കുന്ന മരുന്നുകളും മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. എന്നാല്‍, മരുന്നിനായി ഏറെനേരം രോഗികള്‍ വരി നില്‍ക്കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കാന്‍ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്ന് മുഖ്യമന്ത്രി രണ്ട് ആസ്​പത്രികളിലെയും മെഡിക്കല്‍ സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കി. ആസ്​പത്രികളില്‍ തിരക്കേറുന്നതിനാല്‍ കൂടുതല്‍ ഫാര്‍മസിസ്റ്റുകളെ ലഭ്യമാക്കാനായി അനുമതി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലിനോട് അഭ്യര്‍ഥിക്കും.