ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ പാവങ്ങള്‍ക്ക് നല്‍കാനുള്ള പദ്ധതി തയ്യാറാക്കാന്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനോട് കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി. ജവഹര്‍ലാല്‍ നെഹ്രു ദേശീയ നഗര പുനരുദ്ധാരണപദ്ധതി പ്രകാരം നിര്‍മിച്ച വീടുകള്‍ വിതരണം ചെയ്യാന്‍ കര്‍മപദ്ധതി തയ്യാറാക്കണമെന്നാണ് അഭ്യര്‍ഥന.

നഗരമേഖലയിലെ പാവപ്പെട്ട എല്ലാവര്‍ക്കും വീടുകള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്ന് പുരി പറഞ്ഞു. വീടുകള്‍ കാലിയാക്കി ഒഴിച്ചിടുന്നത് ദേശീയനഷ്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ നഗര പുനരുദ്ധാരണപദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയായതും അല്ലാത്തതുമായ വീടുകള്‍ ഉപയോഗപ്പെടുത്തുന്നതിന് കര്‍മപദ്ധതി തയ്യാറാക്കാന്‍ നഗര വികസന സെക്രട്ടറി നേരത്തേ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. വരുന്ന മാര്‍ച്ചോടെ കര്‍മപദ്ധതി തയ്യാറാക്കാനാണ് നിര്‍ദേശിച്ചത്. എന്നാല്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അതിനാല്‍, വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം.

ജവഹര്‍ലാല്‍ നെഹ്രു നഗര പുനരുദ്ധാരണ പദ്ധതി 2005-ല്‍ യു.പി.എ. സര്‍ക്കാരാണ് കൊണ്ടുവന്നത്. എന്നാല്‍ ഇതിപ്പോള്‍ അമൃത നഗരം പദ്ധതി എന്ന പേരിലാണ് എന്‍.ഡി.എ. സര്‍ക്കാര്‍ നടപ്പാക്കുന്നത്.

ഏകീകൃത പുനരധിവാസ പദ്ധതിയുടെ അഭാവംകാരണം നഗരത്തില്‍ 26,000 വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നതായ മാധ്യമ റിപ്പോര്‍ട്ട് മന്ത്രി ചൂണ്ടിക്കാട്ടി. നഗരത്തിലെ പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാനുള്ള പദ്ധതിയുടെ കീഴില്‍ 55,424 വീടുകള്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 1163.04 കോടി രൂപ സഹായം നല്‍കിയിരുന്നു. ഇതില്‍ 31,424 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായെങ്കിലും വെറും 2,201 എണ്ണം മാത്രമേ വിതരണം ചെയ്തിട്ടുള്ളൂവെന്നാണ് വിവരം. വീടുകള്‍ ഒഴിഞ്ഞു കിടക്കുന്ന വിഷയം പാര്‍ലമെന്റില്‍ അംഗങ്ങള്‍ ഉന്നയിച്ചിരുന്നു.