ന്യൂഡൽഹി: നഗരത്തെനടുക്കിയ അനാജ്മണ്ഡി തീപ്പിടിത്തത്തിൽ ഡൽഹി ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച സംഭവസ്ഥലത്തെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും ത്രിമാനലേസർ സ്കാൻ സാങ്കേതികവിദ്യയുടെ സഹായത്തോടെ അപകടം പുനഃരാവിഷ്കരിക്കുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. തീപ്പിടിത്തം അന്വേഷിക്കാൻ രണ്ടാംതവണയാണ് ഡൽഹി പോലീസ് ത്രിമാന സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ഈവർഷം ഫെബ്രുവരിയിൽ കരോൾബാഗിലെ അർപ്പിത് ഹോട്ടലിൽ 17 പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തമുണ്ടായപ്പോഴാണ് ഈ സാങ്കേതികവിദ്യയെ പോലീസ് ആദ്യം ആശ്രയിച്ചത്.

അറസ്റ്റിലായ കെട്ടിട ഉടമ റെഹാൻ, മാനേജർ ഫുർകൻ എന്നിവരെ കോടതി തിങ്കളാഴ്ച 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ഡൽഹി സർക്കാർ മജിസ്‌ട്രേറ്റുതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. തിങ്കളാഴ്ച കെട്ടിടത്തിൽ പരിശോധന നടത്താനെത്തിയ വടക്കൻ ഡൽഹി മുനിസിപ്പൽ കമ്മിഷണർ വർഷ ജോഷിക്ക് നേരെ പ്രദേശവാസികൾ പ്രതിഷേധിച്ചു. ഞായറാഴ്ച പുലർച്ചെയുണ്ടായ തീപ്പിടിത്തത്തിൽ 43 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തീപ്പിടിത്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ പരിക്കേറ്റ രണ്ട് അഗ്നിരക്ഷാസേനാംഗങ്ങൾ ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു.

11 പേരെ രക്ഷിച്ച രാജേഷ് ശുക്ല, മറ്റൊരു സേനാംഗം എന്നിവർക്കാണ് പരിക്കേറ്റത്. ശുക്ലയുടെ ഇരുകാലുകൾക്കും പരിക്കേറ്റിരുന്നു. എൽ.എൻ.ജെ.പി. ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇരുവർക്കും പൊള്ളലേറ്റിരുന്നില്ലെങ്കിലും കാർബൺ മോണോക്സൈഡ് പുക ശ്വസിച്ചതിനാൽ നിരീക്ഷണത്തിൽ വെക്കുകയായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കിഷോർസിങ് പറഞ്ഞു. ശുക്ലയുടെ ധീരത വാർത്തയായതോടെ ഡൽഹി ആഭ്യന്തരമന്ത്രി സത്യേന്ദർ ജെയ്ൻ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു.

അന്വേഷണം നടത്തുമെന്ന് ബി.ജെ.പി.

അനാജ്മണ്ഡിയിലെ തീപ്പിടിത്തത്തിൽ ബി.ജെ.പി. അന്വേഷണം നടത്തുമെന്ന് പാർട്ടിയുടെ ഡൽഹി അധ്യക്ഷൻ മനോജ് തിവാരി തിങ്കളാഴ്ച അറിയിച്ചു. ഹൈക്കോടതി മുൻജഡ്ജി മൂൽചന്ദ് ഗാർഗ് അധ്യക്ഷനായ നാലംഗസമിതിയാണ് അന്വേഷണം നടത്തുക. അപകടത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് സമിതി വിശദമായി പരിശോധിക്കും. ദുരന്തം മുതലെടുക്കാനാണ് എ.എ.പി. സർക്കാരിന്റെ ശ്രമമെന്ന് തിവാരി കുറ്റപ്പെടുത്തി. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന്റെ ഉടമസ്ഥനായ റെഹാൻ എ.എ.പി. അംഗമാണെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രിമാർ രാജിവെക്കണമെന്ന് കോൺഗ്രസ്

തീപ്പിടിത്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന വൈദ്യുതവകുപ്പിന്റെ ചുമതലയുള്ള മന്ത്രി സത്യേന്ദർ ജെയ്ൻ രാജിവെക്കണമെന്ന് കോൺഗ്രസ് ഡൽഹി അധ്യക്ഷൻ സുഭാഷ് ചോപ്ര ആവശ്യപ്പെട്ടു. സംഭവത്തിൽ എ.എ.പി.ക്കും ബി.ജെ.പി.ക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനാജ്മണ്ഡിയിലെ വൈദ്യുതവിതരണസംവിധാനം ഏറെ ശോചനീയസ്ഥിതിയിലാണെന്ന് ചോപ്ര ആരോപിച്ചു. കഴിഞ്ഞവർഷം 650-ഓളം കിലോമീറ്റർ വൈദ്യുതശൃംഖല ശക്തിപ്പെടുത്താൻ 825 കോടിരൂപ ചെലവഴിച്ചെന്നാണ് വൈദ്യുതവകുപ്പ് അവകാശപ്പെട്ടത്. എന്നാൽ, ഇതിൽ എത്ര തുക ചെലവാക്കിയെന്ന് കണ്ടെത്താൻ അന്വേഷണം നടത്തണം. അപകടകരമായ രീതിയിൽ താഴ്ന്നുകിടക്കുന്ന അനാജ്മണ്ഡിയിലെ വൈദ്യുതകേബിളുകൾ ഏതുനിമിഷവും അപകടത്തിന് വഴിയൊരുക്കുന്നതാണ്. സത്യേന്ദർ ജെയ്‌നിനു പുറമേ മന്ത്രി ഇമ്രാൻ ഹുസൈൻ, സ്ഥലം എം.എൽ.എ., വടക്കൻ ഡൽഹി മേയർ എന്നിവരും രാജിവെക്കണം- ചോപ്ര പറഞ്ഞു. ഓൾഡ് ഡൽഹിയിൽ ഭൂമിക്കടിയിൽക്കൂടി വൈദ്യുതകേബിൾ ഇടുന്നതിന് 600 കോടിരൂപ അനുവദിക്കാമെന്ന് സ്ഥലം എം.പി.യായ കേന്ദ്രമന്ത്രി ഡോ. ഹർഷ് വർധന്റെ സാന്നിധ്യത്തിൽ മുൻ കേന്ദ്രവൈദ്യുതമന്ത്രി പിയൂഷ് ഗോയൽ വാഗ്ദാനം നൽകിയിരുന്നതായി ഡൽഹി കോൺഗ്രസ് വക്താവ് മുകേഷ് ചോപ്ര വ്യക്തമാക്കി. കോൺഗ്രസിന്റെ പ്രസ്താവനയിൽ എ.എ.പി.യോ വൈദ്യുതവകുപ്പോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlights: Delhi fire accident crime branch investigation