ന്യൂഡൽഹി: അനാജ് മണ്ഡി തീപ്പിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയെങ്കിലും നാട്ടിലെത്തിക്കുന്നകാര്യത്തിൽ ഭൂരിഭാഗംപേരും കുഴങ്ങി. ഇതേച്ചൊല്ലി ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ രൂക്ഷമായ വാക്‌തർക്കവും അരങ്ങേറി. പോസ്റ്റുമോർട്ടം നടന്ന മൗലാന ആസാദ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നാടകീയ രംഗങ്ങളാണ് തിങ്കളാഴ്ച അരങ്ങേറിയത്. മൃതദേഹങ്ങളുമായി എന്തുചെയ്യണമെന്നറിയാതെ മോർച്ചറിക്കുമുമ്പിൽ മണിക്കൂറുകളോളം കഴിച്ചുകൂട്ടേണ്ടിവന്നതോടെ ബന്ധുക്കൾ അവരുടെ ദുഃഖവും രോഷവും ആശുപത്രി അധികൃതർക്കുനേരെ പ്രകടിപ്പിക്കുകയായിരുന്നു. തീവണ്ടിമാർഗം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത്‌ ബുദ്ധിമുട്ടാണെന്ന് ഇവരിൽ ഏറെപ്പേരും പറഞ്ഞു.

‘‘തീവണ്ടിയിൽ കൊണ്ടുപോവാൻ തങ്ങൾക്ക് താത്പര്യമില്ല. സമസ്തിപുർ സ്റ്റേഷനിലാണ് തീവണ്ടിയുടെ സ്റ്റോപ്പ്. എന്നാൽ, സ്റ്റേഷനിൽനിന്ന് 70 കിലോമീറ്റർ അകലെയാണ് തന്റെ സ്വദേശമായ ബരിജാന ഗ്രാമം’’ -ബിഹാറിലെ ബെഗുസരായി സ്വദേശി മുഹമ്മദ് ഷമീറിന്റെ വാക്കുകൾ. അപകടത്തിൽ സഹോദരനെ നഷ്ടപ്പെട്ട ബിഹാർ സ്വദേശി സക്കീർ ഹുസൈൻ തന്റെ വിഷമം പങ്കുവെച്ചു.

മൃതദേഹങ്ങൾ തീവണ്ടിമാർഗം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയെന്നാണ് ബിഹാർ സർക്കാർ പറയുന്നതെങ്കിലും ഇക്കാര്യത്തിൽ ഒരു സ്ഥിരീകരണവും ലഭിച്ചില്ലെന്ന് സക്കീർ പറഞ്ഞു. ഓരോരുത്തർക്കും ആംബുലൻസുകൾ ഏർപ്പെടുത്തുമെന്ന് ഡൽഹി മന്ത്രി ഇമ്രാൻ ഹുസൈൻ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മരണമടഞ്ഞ തന്റെ അയൽവാസിയായ 19 വയസ്സുകാരൻ നവീൻ കുമാറിന്റെ മൃതദേഹം കൊണ്ടുപോവാനെത്തിയ ഷംസീറിനും വാക്കുകൾ ഇടറി. വളരെ പാവപ്പെട്ട കുടുംബമാണ് കുമാറിന്റേതെന്ന് ഷംസീർ പറഞ്ഞു.

ബിഹാർ സ്വദേശികളുടെ മൃതദേഹങ്ങൾ തീവണ്ടിയിൽ കൊണ്ടുപോവുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. സ്വാതന്ത്ര്യസേനാനി എക്സ്‌പ്രസിലാണ് മൃതദേഹങ്ങൾ കൊണ്ടുപോവുന്നതെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ ഡൽഹിയിലെ ബിഹാർ റെസിഡന്റ് കമ്മിഷണർ റെയിൽവേമന്ത്രി പീയൂഷ് ഗോയലിനെ സമീപിച്ചെന്നും മൃതദേഹങ്ങൾ വഹിക്കാൻ തീവണ്ടിയിൽ ചരക്കുബോഗി ഏർപ്പെടുത്തിയെന്നും അവർ വ്യക്തമാക്കി.

Content Highlights: Delhi fire accident