ന്യൂഡല്‍ഹി: ഉപഹാർ തിയേറ്റർ ദുരന്തത്തിനുശേഷം തീനാളങ്ങളിൽ പകച്ച് വീണ്ടും രാജ്യതലസ്ഥാനം. 1997 ജൂൺ 13-ന് തെക്കൻ ഡൽഹി ഗ്രീൻപാർക്കിലെ ഉപഹാർ സിനിമയിലുണ്ടായ തീ പിടിത്തത്തിൽ 51 ജീവനുകൾ പൊലിഞ്ഞിരുന്നു. ഞായറാഴ്ച അനാജ് മണ്ഡിയിലെ ദുരന്തത്തിലാവട്ടെ 43 ജീവനുകളാണ് നഷ്ടമായത്.
ഈ വർഷം ഫെബ്രുവരിയിൽ സെൻട്രൽ ഡൽഹി കരോൾബാഗിലെ ഹോട്ടലിന്റെ നാലാംനിലയിൽ തീപിടിച്ച് 17 പേർ മരിച്ചതും സമീപകാലത്തെ വൻദുരന്തങ്ങളിലൊന്നായിരുന്നു. ഉപഹാർ ദുരന്തത്തിൽ 103 പേർക്കാണ് പരിക്കേറ്റത്. കരോൾബാഗിലെ സംഭവത്തിൽ 35 പേർക്കും പരിക്കേറ്റു. ഞായറാഴ്ചത്തെ ദുരന്തത്തിൽ പരിക്കേറ്റവരുടെ അന്തിമപട്ടിക അറിവായിട്ടില്ല.
ഉപഹാറിൽ ബോർഡർ സിനിമ പ്രദർശിപ്പിച്ചുകൊണ്ടിരിക്കേ വൈകീട്ട് മൂന്നിനായിരുന്നു അപകടം. അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചയായിരുന്നു അപകടകാരണം. കരോൾബാഗിലെയും അനാജ് മണ്ഡിയിലേയുമൊക്കെ ദുരന്തങ്ങൾക്കും വഴിയൊരുക്കിയത് അനാസ്ഥതന്നെ. അഗ്നിരക്ഷാ ലൈസൻസില്ലാതെയായിരുന്നു ഞായറാഴ്ച തീ പിടിച്ച ഫാക്ടറിയുടെ പ്രവർത്തനം. അഗ്നിരക്ഷാവീഴ്ചയിൽ നിരന്തരം വിമർശനങ്ങളുയർന്നിട്ടും അധികൃതരും കെട്ടിടയുടമകളും പഠിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ആവർത്തിക്കുന്ന തീദുരന്തങ്ങൾ.
ഉപഹാർ ദുരന്തമുണ്ടായി 14 വർഷങ്ങൾക്കുശേഷം നന്ദ്‌നഗരിയിൽ പതിനായിരത്തോളം പേർ പങ്കെടുത്ത ട്രാൻസ്‌ജെൻഡർ യോഗത്തിനിടെ തീ പിടിത്തമുണ്ടായി. ഇതിൽ 14 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. 2017 ജൂലായിൽ ദിൽഷാദ് ഗാർഡനിലെ നാലുനിലക്കെട്ടിടത്തിൽ തീ പിടിച്ച് രണ്ടു കുട്ടികളടക്കം ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. 2018-ൽ ബവാനയിൽ പടക്ക യൂണിറ്റിലുണ്ടായ അപകടം 17 പേരുടെ ജീവനെടുത്തു. ഇതേവർഷം കോഹാട്ട് എൻക്ലേവ്, ശാഹ്ദ്ര എന്നിവിടങ്ങളിലെ തീദുരന്തങ്ങളിലായി അഞ്ചുജീവനുകൾ പൊലിഞ്ഞു. കരോൾബാഗിലെ ഹോട്ടൽ ദുരന്തത്തിനു ശേഷം ഈ വർഷം ഓഗസ്റ്റിൽ സാക്കിർനഗറിൽ കെട്ടിടത്തിനു തീ പിടിച്ച് മൂന്നു കുട്ടികളടക്കം ആറുപേർ മരിച്ചു.
കരോൾബാഗ് ദുരന്തത്തിനുശേഷം ഒമ്പതുമീറ്റർ ഉയരമുള്ള ഇരുനിലകെട്ടിടത്തിന് അഗ്നിസുരക്ഷാ ലൈസൻസ് സർക്കാർ നിർബന്ധമാക്കിയിരുന്നു. തീ പിടിത്തം സംബന്ധിച്ച് പ്രതിവർഷം മുപ്പതിനായിരത്തോളം വിളികൾ വരാറുണ്ടെന്ന് ഡൽഹി അഗ്നിരക്ഷാസേന പറയുന്നു. ഈ വർഷം ഫെബ്രുവരിയിൽ 65, മാർച്ചിൽ 72, ഏപ്രിലിൽ 102, മേയിൽ 106 എന്നിങ്ങനെ തീ പിടിത്തങ്ങളുണ്ടായി.
കൊടുംവേനൽക്കാലത്ത് പ്രതിദിനം 150-200 ഫോൺ വിളികളെത്തി. എന്നാൽ, നിയമലംഘനത്തിന് ഇപ്പോഴും കുറവില്ല. ഡൽഹിയിലെ 1478 ആശുപത്രികളിൽ 122 എണ്ണത്തിന് ഇപ്പോഴും അഗ്നിരക്ഷാലൈസൻസില്ല. തലസ്ഥാനത്തെ 240 സ്കൂളുകളും മാനദണ്ഡം ലംഘിച്ചെന്നാണ് കണക്കുകൾ. സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് നടക്കുന്നു.
അഗ്നിരക്ഷയ്ക്ക് ജീവനക്കാരില്ലാത്തതാണ് മറ്റൊരു വെല്ലുവിളി. മൊത്തം 3195 തസ്തികകളിൽ 1495 എണ്ണം നികത്തിയിട്ടില്ല. നഗരത്തിലെ 90 ഫയർ സ്റ്റേഷനുകളിൽ 59 എണ്ണത്തിൽ സ്റ്റേഷൻ ഓഫീസർമാരില്ല. തുടർന്ന്, വിരമിച്ചവരെ ഇടക്കാലത്തേയ്ക്ക് നിയമിക്കാൻ കഴിഞ്ഞമാസം ഡൽഹി ഹൈക്കോടതിക്ക് ഉത്തരവിടേണ്ടിവന്നു.
Content Highlights: Delhi fire accident