ന്യൂഡൽഹി: വായുമലിനീകരണത്തെ പ്രതിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി ഇലക്‌ട്രിക്‌ വാഹനനയത്തിന്‌ ഡൽഹി സർക്കാർ അനുമതി നൽകി. ഇതു നടപ്പാക്കാൻ ഇലക്ട്രിക്‌ വാഹന ബോർഡ്‌ രൂപവത്‌കരിക്കും. പദ്ധതിപ്രകാരം ഇ-വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ സബ്‌സിഡി അനുവദിക്കുമെന്ന്‌ മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാൾ തിങ്കളാഴ്ച അറിയിച്ചു.

പടിഞ്ഞാറൻ ഡൽഹിയിലെ നജഫ്‌ഗഢിൽ നിർമിക്കാൻ പോകുന്ന പുതിയ വൈദ്യുത സബ്‌സ്റ്റേഷന്‌ വൈദ്യുതമന്ത്രി സത്യേന്ദർ ജെയ്‌ൻ തറക്കല്ലിട്ടു. പ്രദേശത്തെ ഒന്നര ലക്ഷത്തോളം താമസക്കാർക്കുള്ള വൈദ്യുതിവിതരണം ശക്തിപ്പെടുത്താൻ വേണ്ടിയാണിത്‌. കൂടാതെ മേഖലയിലെ ഇലക്‌ട്രിക്‌ ബസുകളുടെ ഡിപ്പോയിലേക്കും ഇവിടെനിന്ന്‌ വൈദ്യുതി ലഭ്യമാക്കും. ബി.എസ്‌.ഇ.എസ്‌. രാജധാനി പവർ ലിമിറ്റഡിനാണ്‌ (ബി.ആർ.പി.എൽ.) സബ്‌സ്റ്റേഷന്റെ ചുമതല.

26 കോടി രൂപയാണ്‌ നിർമാണച്ചെലവ്‌. ഗോപാൽ നഗർ, വിനോബ എൻക്ലേവ്‌, ആദിവാസി കോളനി, മിത്രാൺ എക്‌സ്റ്റൻഷൻ, പ്രേം നഗർ, സൈനിക്‌ എൻക്ലേവ്‌, നവീൻ പ്ലേസ്‌, കൃഷ്ണ വിഹാർ, സുരക്‌പുർ റോഡ്‌ തുടങ്ങിയ സ്ഥലങ്ങളിൽ ഇവിടെനിന്ന്‌ വൈദ്യുതി ലഭിക്കും. പുതിയ സബ്‌സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നതോടെ പടിഞ്ഞാറൻ ഡൽഹിയിലെ വൈദ്യുതിവിതരണം 2,628 മെഗാ വാട്ടും തെക്കൻ ഡൽഹിയിലേത്‌ 3,406 മെഗാ വാട്ടുമായി ഉയരുമെന്ന്‌ ബി.ആർ.പി.എൽ. ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസർ അമൽ സിൻഹ പറഞ്ഞു. നജഫ്‌ഗഢ്‌ എം.എൽ.എ.യും ഗതാഗതമന്ത്രിയുമായ കൈലാഷ്‌ ഗെലോട്ടും ചടങ്ങിൽ പങ്കെടുത്തു.

Content Highlights; delhi electric vehicle policy