ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തെക്കുറിച്ച് ചർച്ചകളുയരുന്നുണ്ടെങ്കിലും ഒറ്റയ്ക്കു മത്സരിക്കാനൊരുങ്ങി എ.എ.പി. തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്കു മത്സരിച്ച് വിജയിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടിയെന്ന് എ.എ.പി.യിലെ ഒരു മുതിർന്ന നേതാവ് അഭിപ്രായപ്പെട്ടു. സഖ്യം സംബന്ധിച്ച ഒരുചർച്ചകളും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയുമായും സഖ്യമില്ല. ഇപ്പോൾ നടക്കുന്ന അഭ്യൂഹങ്ങളൊക്കെ അടിസ്ഥാനമില്ലാത്തതാണ്. എ.എ.പി.ക്ക് ഒറ്റയ്ക്കുനിന്ന് ഡൽഹിയിൽ വിജയിക്കാനാവും. - പാർട്ടി നേതാവ് വ്യക്തമാക്കി. സഖ്യം സംബന്ധിച്ച് പാർട്ടിക്കുള്ള അഭിപ്രായത്തിന്റെ തെളിവുകൂടിയാണ് ഈ വെളിപ്പെടുത്തൽ. മൂന്നുവട്ടം തുടർച്ചയായി ഭരിച്ച ഷീലാ ദീക്ഷിത് സർക്കാരിനെ വീഴ്ത്തിയാണ് ഡൽഹിയിൽ എ.എ.പി. വേരോട്ടമുറപ്പിച്ചതെന്നാണ് സഖ്യം തള്ളാനുള്ള നേതാക്കളുടെ ന്യായീകരണം. എന്നാൽ, സഖ്യം സംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണം ഇതുവരെ എ.എ.പി. നടത്തിയിട്ടുമില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എ.എ.പി.-കോൺഗ്രസ് സഖ്യത്തിന് അരങ്ങൊരുങ്ങിയെങ്കിലും അവസാനഘട്ടത്തിൽ പാളി. തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളും ബി.ജെ.പി. പിടിച്ചു. എന്നാൽ, കോൺഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാനായി. 2015-ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ അടിവേരിളകിയിരുന്നു. ഒറ്റ സീറ്റുപോലും ലഭിക്കാതെ പാർട്ടി മൂന്നാം സ്ഥാനത്തേയ്ക്കു പിന്തള്ളപ്പെട്ടു. എന്നാൽ, ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായതിന്റെ ആത്മവിശ്വാസത്തിൽ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുകയാണ് പാർട്ടി. ബി.ജെ.പി. വെല്ലുവിളിയായ പശ്ചാത്തലത്തിൽ അതിനെ നേരിടാൻ എ.എ.പി.-കോൺഗ്രസ് സഖ്യം വേണമെന്നാണ് ഇരുപാർട്ടികളിലും ഉയർന്ന ചർച്ച.
എന്നാൽ, 2015-ൽ എഴുപതിൽ 67 സീറ്റും നേടിയതിന്റെ ആത്മവിശ്വാസം ഇപ്പോഴുമുണ്ട് എ.എ.പി.യിൽ. പാർട്ടിക്ക് ലഭിച്ചത് 54.34 ശതമാനം വോട്ടായിരുന്നു. കേന്ദ്രത്തിൽ മോദി സർക്കാരായിരുന്നിട്ടും ബി.ജെ.പി. വോട്ട് 32.19 ശതമാനമായിരുന്നു. കോൺഗ്രസ് 9.65 ശതമാനം വോട്ടുകളിലൊതുങ്ങി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സഖ്യം ഇല്ലാതാക്കിയത് കോൺഗ്രസാണെന്ന് കെജ്‌രിവാൾ പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഹരിയാണയിൽ സഖ്യത്തിനുള്ള ശ്രമവും പാളി.