ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹി കോര്‍പ്പറേഷന്‍ മേഖലയില്‍ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ 20,000 സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും. ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റിലാണ് ഈ ശുപാര്‍ശ. കേന്ദ്രസഹായം ഉപയോഗപ്പെടുത്തിയാവും ക്യാമറകള്‍ സ്ഥാപിക്കുകയെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.

മയക്കുമരുന്നിന് അടിമപ്പെട്ട സ്‌കൂള്‍വിദ്യാര്‍ഥികളെ കണ്ടെത്താനും പുനരധിവസിപ്പിക്കാനും 503 സ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ഇതിനോടകം 30 കുട്ടികളെ പുനരധിവസിപ്പിച്ചുകഴിഞ്ഞു. കമ്യൂണിറ്റി ടോയ്‌ലറ്റുകള്‍ കാര്യക്ഷമമായി നടത്താന്‍ സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കും. ശുചീകരണത്തൊഴിലാളികളുടെ മക്കളുടെ മെഡിക്കല്‍-എന്‍ജിനീയറിങ് പഠനത്തിനുള്ള വിദ്യാഭ്യാസവായ്പയുടെ പകുതി കോര്‍പ്പറേഷന്‍ വഹിക്കുമെന്ന് ബജറ്റവതരിപ്പിച്ച മുനിസിപ്പല്‍ കമ്മിഷണര്‍ മധൂപ് വ്യാസ് പ്രഖ്യാപിച്ചു.

താമസനികുതിയും വാണിജ്യനികുതിയും കൂട്ടാനാണ് ബജറ്റിലെ ശുപാര്‍ശ. എട്ടുവിഭാഗങ്ങളിലായി ഏഴുമുതല്‍ 12 വരെ ശതമാനം ഈടാക്കിയിരുന്ന താമസനികുതി 15 ശതമാനത്തിന്റെ ഒറ്റനിരക്കായി നിശ്ചയിച്ചു. വാണിജ്യസ്ഥാപനങ്ങളുടെ നികുതി ഇപ്പോഴുള്ള 15 ശതമാനത്തില്‍നിന്ന് 20 ശതമാനമാക്കി ഉയര്‍ത്തി. 2018-19 വര്‍ഷം 725 കോടി രൂപയുടെ നികുതി പിരിക്കുകയാണ് ലക്ഷ്യം. വസ്തുനികുതി ജൂണ്‍ 30-നുള്ളില്‍ ഒറ്റത്തവണത്തേക്ക് അടയ്ക്കുകയാണെങ്കില്‍ പത്തുശതമാനം നല്‍കിയാല്‍മതി. 1200 രൂപ, 2400 രൂപ, 2500 രൂപ എന്നിങ്ങനെയാണ് പ്രൊഫഷണല്‍ നികുതി ഈടാക്കുകയെന്നും ബജറ്റ് പ്രഖ്യാപിച്ചു.

പിതംപുര ശിവമാര്‍ക്കറ്റിലും റാണിബാഗിലും ബഹുതല പാര്‍ക്കിങ് കേന്ദ്രങ്ങള്‍ വികസിപ്പിക്കുമെന്നാണ് മറ്റൊരുപ്രഖ്യാപനം. ഗാന്ധി മൈതാനിലും ചാന്ദ്‌നീചൗക്കിലും ഭൂഗര്‍ഭ പാര്‍ക്കിങ്ങും യാഥാര്‍ഥ്യമാക്കും.

പോസ്റ്ററുകളും പരസ്യങ്ങളും പ്രദര്‍ശിപ്പിക്കാനായി പ്രത്യേക ചുവരുകള്‍ സജ്ജമാക്കുമെന്ന് പ്രഖ്യാപനവും ബജറ്റില്‍ ശ്രദ്ധേയമായി. നിശ്ചയിക്കപ്പെട്ട ചുവരുകളിലല്ലാതെ പോസ്റ്റര്‍ പതിക്കുന്നവര്‍ക്ക് കര്‍ശനശിക്ഷ വ്യവസ്ഥചെയ്യും. ഡല്‍ഹി സര്‍വകലാശാലയോട് ചേര്‍ന്നുനില്‍ക്കുന്ന മുഖര്‍ജി നഗര്‍, കമല നഗര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പോസ്റ്റര്‍ ചുവരുകള്‍ക്ക് സ്ഥലം കണ്ടെത്തും. അനധികൃതമായി പോസ്റ്റര്‍ പതിക്കുന്നവര്‍ക്ക് അരലക്ഷം രൂപ പിഴയോ ഒരുവര്‍ഷം വരെ തടവോ രണ്ടുംചേര്‍ന്നതോ ആയിരിക്കും ശിക്ഷ.