ന്യൂഡല്‍ഹി: യാത്രക്കാരുടെ സുരക്ഷയ്ക്കായി നഗരത്തിലെ ഓട്ടോറിക്ഷകളും ടാക്‌സികളും ക്യു.ആര്‍. കോഡ് ഉപയോഗിച്ച് നിരീക്ഷിക്കാന്‍ ഗതാഗത വകുപ്പിന് പദ്ധതി. ഇതിനായി സിവില്‍ ലൈന്‍സിലെ ഗതാഗത വകുപ്പിന്റെ ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറക്കും. യാത്രക്കാരെ കയറ്റിപ്പോകുന്ന ഓട്ടോറിക്ഷകളും ടാക്‌സികളും ട്രാക്ക് ചെയ്യുകയാണ് ലക്ഷ്യമെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഓട്ടോയിലും ടാക്‌സിയിലും പതിക്കുന്ന ക്യു.ആര്‍. കോഡ് സ്റ്റിക്കര്‍ യാത്രക്കാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്ത് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കാം. വാഹനത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജി.പി.എസ്സിന്റെ വിവരങ്ങളും ഇതില്‍നിന്ന് ലഭിക്കും. അതിനാല്‍ യാത്രക്കാര്‍, പ്രത്യേകിച്ച് സ്ത്രീകള്‍ ആപത്തില്‍പ്പെട്ടാല്‍ വാഹനം കണ്ടെത്താന്‍ എളുപ്പമാകും.
 
നഗരത്തില്‍ ഏതാണ്ട് 90,000 ഓട്ടോറിക്ഷകളും 60,000 ടാക്‌സികളുമാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ പകുതി എണ്ണത്തിന് മാത്രമാണ് ജി.പി.എസ്. സംവിധാനമുള്ളത്. ഒരുത്പന്നത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ദ്വിമാന ബാര്‍ കോഡുകളാണ് ക്യു.ആര്‍. കോഡുകള്‍.