ന്യൂഡൽഹി: വായുമലിനീകരണം പരിഹരിക്കണമെന്ന് സുപ്രീംകോടതിയുടെ നിർദേശമുണ്ടായിട്ടും കേന്ദ്രസർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആം ആദ്മി പാർട്ടി. വിഷയത്തിൽ ശാശ്വതപരിഹാരം കാണുന്നതിൽ കേന്ദ്രത്തിന് വീഴ്ച ഉണ്ടായിരിക്കുകയാണെന്നും എ.എ.പി. കുറ്റപ്പെടുത്തി.

മലിനീകരണം പോലുള്ള സങ്കീർണമായ വിഷയത്തെ ബി.ജെ.പി. രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് മുതിർന്ന എ.എ.പി. നേതാവ് സഞ്ജയ് സിങ് ആരോപിച്ചു. രാജ്യതലസ്ഥാനത്തെ മലിനീകരണം വർധിക്കണമെന്നാണ് ബി.ജെ.പി.യുടെ ആഗ്രഹം. സുപ്രീംകോടതിയുടെ നിർദേശമുണ്ടായിട്ടും എന്തുകൊണ്ട് പരിഹാരം കാണാൻ സാധിക്കാത്തതെന്ന് കേന്ദ്രം വ്യക്തമാക്കണം- സിങ് പറഞ്ഞു. വായുമലിനീകരണത്തെക്കുറിച്ച് അവലോകനം ചെയ്യാൻ കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവഡേക്കർ വിളിച്ച യോഗത്തിൽ ഹരിയാണ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പരിസ്ഥിതിമന്ത്രിമാർ പങ്കെടുത്തില്ല.

ഇത്തരമൊരു വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കാൻ ഈ മന്ത്രിമാർ തയ്യാറാവണം. എ.എ.പി.യുടെ പ്രതിച്ഛായ മോശപ്പെടുത്താൻ, ഡൽഹിയിലെ ജനങ്ങളുടെ ജീവിതത്തിന് പുറമേ അയൽസംസ്ഥാനങ്ങളിലെ ജനജീവിതവും നിങ്ങൾ അപകടത്തിലാക്കുന്നു. കൃഷിയിടങ്ങളിലെ വൈക്കോൽ കത്തിക്കൽകാരണം വായു മലിനപ്പെടുന്നതിനാൽ ഏറെ ദുരിതമാണ് ജനങ്ങൾ അനുഭവിക്കുന്നത്- സിങ് പറഞ്ഞു.

എ.എ.പി.യെ വിമർശിച്ച് ബി.ജെ.പി.

വായുമലിനീകരണവിഷയത്തിൽ എ.എ.പി.യെ വിമർശിച്ച് ബി.ജെ.പി. രംഗത്തെത്തി. മലിനീകരണം പ്രതിരോധിക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് എ.എ.പി. സർക്കാർ കൊണ്ടുവന്ന ഒറ്റ-ഇരട്ടയക്ക വാഹനനിയന്ത്രണം രാഷ്ട്രീയപ്രേരിതമാണെന്ന് ബി.ജെ.പി. ആരോപിച്ചു. പദ്ധതി നടപ്പാക്കിയിട്ടും ഡൽഹി ഗ്യാസ് ചേമ്പറായി മാറിയെന്ന് മുതിർന്ന ബി.ജെ.പി. നേതാവ് വിജയ് ഗോയൽ പറഞ്ഞു. നിലവിൽ, കൃഷിയിടങ്ങളിൽ വൈക്കോൽക്കുറ്റികൾ കത്തിക്കുന്നില്ലെന്നും അതിനാൽ, അരവിന്ദ് കെജ്‌രിവാൾ ആരെയാണ് ഇനി കുറ്റപ്പെടുത്തുകയെന്നും അദ്ദേഹം ചോദിച്ചു.

വായുമലിനീകരണം പ്രതിരോധിക്കാൻ കഴിഞ്ഞ അഞ്ചുവർഷമായി കെജ്‌രിവാൾ സർക്കാർ ഒന്നുംചെയ്തിട്ടില്ല. എന്നാൽ, ഇപ്പോൾ വാഹനനിയന്ത്രണവുമായി രംഗത്തെത്തിയിരിക്കുന്നു. നിയന്ത്രണത്തിന് താൻ എതിരല്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിലൂടെ കെജ്‌രിവാൾ ഉണ്ടാക്കാൻ പോവുന്ന രാഷ്ട്രീയസ്വാധീനത്തെയാണ് എതിർക്കുന്നത്- ഗോയൽ പറഞ്ഞു. പ്രതിഷേധസൂചകമായി ഗോയൽ കഴിഞ്ഞയാഴ്ച നിയന്ത്രണം ലംഘിച്ചിരുന്നു. തുടർന്ന് 4000 രൂപ പിഴയും ലഭിച്ചു.

അയൽസംസ്ഥാനങ്ങളായ ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളിൽ വൈക്കോലിന് തീയിടുന്നതാണ് ഡൽഹിയിലെ വായുമലിനീകരണത്തിന് കാരണമെന്നാണ് കെജ്‌രിവാളിന്റെ വാദം. സുപ്രീംകോടതി നിർദേശം അനുസരിക്കാൻ സംസ്ഥാനങ്ങൾ തയ്യാറാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. വായുമലിനീകരണം അതിഗുരുതരസ്ഥിതിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ വാഹനനിയന്ത്രണം നീട്ടുമെന്ന് കെജ്‌രിവാൾ അറിയിച്ചിരുന്നു.

വായുമലിനീകരണം പ്രതിരോധിക്കാൻ ഹൈഡ്രജൻ അടിസ്ഥാനമാക്കിയുള്ള ജപ്പാൻ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നകാര്യം പരിശോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഡിസംബർ മൂന്നിനകം മറുപടി അറിയിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.