ന്യൂഡൽഹി: തലസ്ഥാനത്ത്‌ തണലൊരുക്കി കാലാവസ്ഥാ വ്യതിയാനം ചെറുക്കാൻ പത്തുലക്ഷം വൃക്ഷത്തൈകൾ നടാനൊരുങ്ങി സംസ്ഥാനസർക്കാർ. നഗരത്തിന്റെ ഹരിതാഭ നിലവിലെ 20 ശതമാനത്തിൽനിന്നും 33 ശതമാനമാക്കി ഉയർത്തുന്നതടക്കമുള്ള നിർദേശങ്ങളുമായി സംസ്ഥാനതല കർമപദ്ധതി കേന്ദ്രത്തിനു സമർപ്പിച്ചു.

പൊതുഗതാഗതം മെച്ചപ്പെടുത്താനാണ് മറ്റൊരു തീരുമാനം. നിലവിൽ 4352 ഡി.ടി.സി. ബസുകളെ നഗരത്തിലുള്ളൂ. ഇത് 6900 ബസുകളാക്കുമെന്ന്‌ കർമപദ്ധതിയിൽ വ്യക്തമാക്കി. 1758 ക്ലസ്റ്റർ ബസുകളും 238 മെട്രോ ഫീഡർ ബസുകളും 802 മിനി പ്രൈവറ്റ് ബസുകളും 6146 ഗ്രാമീൺസേവയും നിലവിൽ സർവീസ് നടത്തുന്നുണ്ടെന്നും സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചു.

സൗരോർജശേഷി കൂട്ടാനാണ് മറ്റൊരുപദ്ധതി. 88 മെഗാവാട്ട് സൗരോർജം 150 മെഗാവാട്ടായി വർധിപ്പിക്കുകയാണ് ലക്ഷ്യം. ഇത്‌ മാർച്ചോടെ സാധ്യമാക്കും. തെരുവുകളിലും മറ്റും ഊർജം ലാഭിക്കാവുന്ന ദീപവിതാനമൊരുക്കി വർഷാവർഷം ഊർജശേഷി കൈവരിക്കും. ഇങ്ങനെ, നൂറു മെഗാവാട്ട് വൈദ്യുതി ലാഭിക്കും. ഷോപ്പിങ് മാളുകളെയും നിർമാണ പദ്ധതികളെയുെമാക്കെ മലിനീകരണനിയന്ത്രണ നിയമത്തിൽ കൊണ്ടുവന്ന് മലിനജല സംസ്കരണം വികേന്ദ്രീകരിക്കും. മഴവെള്ളസംഭരണം ഉൾപ്പെടെയുള്ള മറ്റുപദ്ധതികളും നടപ്പാക്കാനാണ് പദ്ധതി.

അന്തരീക്ഷ മലിനീകരണം സമയബന്ധിതമായി നേരിടാനുള്ള പദ്ധതി ആവിഷ്കരിച്ചതായും സംസ്ഥാനസർക്കാർ കേന്ദ്രത്തെ അറിയിച്ചു. മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോമ്പാറ്റിങ് ക്ലൈമറ്റ് ചേഞ്ച് എന്ന സ്ഥാപനവുമായി സഹകരിച്ചാണ് പദ്ധതി നിർവഹണം. പരിസ്ഥിതി വകുപ്പ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, കൃഷിക്കാർ, ഗ്രാമീണ വിഭാഗങ്ങൾ തുടങ്ങി നാനാമേഖലകളിലുള്ളവരുടെയും സഹകരണം തേടുമെന്നും സർക്കാർ വ്യക്തമാക്കി.

Content Highlights: Delhi Air Pollution