ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി മുന്നൂറിലേറെ മലയാളി കുടുംബങ്ങൾ താമസിക്കുന്ന ശിവാജി എൻക്ലേവ് ഡി.ഡി.എ. ഫ്ളാറ്റുകളിൽ പാചകവാതക പൈപ്പ്‌ലൈൻ കണക്‌ഷൻ നൽകിത്തുടങ്ങി. ആറേഴ് വർഷങ്ങൾക്ക് മുൻപ് തുടങ്ങിയ ശ്രമമാണ് ഒടുവിൽ ഫലം കണ്ടത്. ഇന്ദ്രപ്രസ്ഥാ ഗ്യാസ് ലിമിറ്റഡ് (ഐ.ജി.എൽ.) ആണ് പൈപ്പ്‌ലൈനിലൂടെ പാചകവാതകമെത്തിക്കുന്നത്.

ശിവാജി എൻക്ലേവ് എക്സ്റ്റൻഷനിലെ ഡി.ഡി.എ. ഫ്ളാറ്റുകളിൽ എഴുന്നൂറോളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർക്ക് പൈപ്പ്‌ലൈൻ പാചകവാതക കണക്‌ഷൻ നൽകണമെന്നാവശ്യപ്പെട്ട് ഡി.എം.എ. രജൗരി ഗാർഡൻ ഏരിയാ സെക്രട്ടറി ഷാജി കുമാറിന്റെ നേതൃത്വത്തിൽ ഐ.ജി.എലിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ആദ്യഘട്ടങ്ങളിൽ പൈപ്പ് ലൈൻ പദ്ധതി അവിടെ പ്രായോഗികമല്ലെന്നുപറഞ്ഞ് ആവശ്യം തള്ളി. പിന്നീട് രാഷ്ട്രീയ നേതൃത്വങ്ങളുടെ സഹായംതേടിക്കൊണ്ട് ശക്തമായ സമ്മർദം ചെലുത്തിയതിന്റെ ഫലമായി രണ്ടുവർഷം മുമ്പാണ് കോളനിയിൽ പൈപ്പ്‌ലൈൻ സ്ഥാപിച്ചുതുടങ്ങിയത്.

രണ്ടുവർഷം മുമ്പ് പൈപ്പ്‌ലൈൻ സ്ഥാപിക്കുകയും വീടുകളിൽ മീറ്ററുകൾ ഘടിപ്പിക്കുകയും ചെയ്തെങ്കിലും പിന്നീട് പണി പുരോഗമിച്ചിരുന്നില്ല. പലതവണ കരാറുകാർ മാറിയതും കോവിഡ് സാഹചര്യവും പ്രവർത്തനങ്ങൾ വൈകിച്ചു. പിന്നീട് ഐ.ജി.എലിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമത്തിനൊടുവിലാണ് ഒരുമാസം മുമ്പ് കണക്‌ഷൻ നൽകിത്തുടങ്ങിയതെന്ന് ഷാജി കുമാർ പറഞ്ഞു.

ഡി.ഡി.എ. ഫ്ളാറ്റുകളിൽ 250 ഓളം പേർ പൈപ്പ്‌ലൈൻ ഗ്യാസിന് അപേക്ഷിച്ചതിൽ എഴുപതിലേറെപ്പേർക്ക് നൽകിക്കഴിഞ്ഞു. മീറ്റർ വാടകയായ ആറായിരം രൂപ തവണകളായി അടയ്ക്കാനും കമ്പനിയുമായി ഡി.എം.എ. ഭാരവാഹികൾ ചർച്ച ചെയ്ത് ധാരണയായിട്ടുണ്ട്.