ന്യൂഡൽഹി: നഗരത്തിൽ ഡെങ്കി ബാധിച്ചവരുടെ എണ്ണം 480 ആയി ഉയർന്നു. ഈ മാസം ഇതുവരെ 140 പേർക്ക് രോഗം ബാധിച്ചു. ഒക്ടോബർ രണ്ടുവരെയുള്ള കണക്കിൽ 341 പേരായിരുന്നു ഡെങ്കിബാധിതർ.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ പുതുതായി 139 പേർക്ക് രോഗം ബാധിച്ചു. സെപ്റ്റംബറിൽ 217 പേർക്ക് രോഗം ബാധിച്ചിരുന്നു. നഗരത്തിലെ മൊത്തം രോഗബാധിതർ 480 പേരായി ഉയർന്നിട്ടുണ്ടെന്ന് മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി.

2018-നു ശേഷം ആദ്യമാണ് ഇത്രയും കൂടുതൽ രോഗബാധിതരെന്നാണ് വിലയിരുത്തൽ.

2018-ൽ 830 പേർക്ക് രോഗം ബാധിച്ചിരുന്നു. 2019-ൽ 467 പേർക്കും 2020-ൽ 316 പേർക്കും ജനവരി ഒന്നുമുതൽ ഒക്ടോബർ ഒമ്പതു വരെയുള്ള കാലയളവിൽ ഡെങ്കി ബാധിച്ചു.

അതേസമയം, കഴിഞ്ഞവർഷം മൊത്തം ഡെങ്കിബാധിതർ 1072 പേരുണ്ടായിരുന്നു. രോഗം ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തിരുന്നു. ഈ വർഷം ഇതുവരെയും ഡെങ്കി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇത്തവണ 127 പേർക്ക് മലേറിയയും 62 പേർക്ക് ചിക്കുൻഗുനിയയും ബാധിച്ചെന്നാണ് കണക്കുകൾ. കൊതുകുജന്യരോഗങ്ങൾ കൂടിയതോടെ രോഗപ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും സർക്കാരും മുനിസിപ്പൽ കോർപ്പറേഷനുകളും ഊർജിതമാക്കി.

ഫോഗിങ് ഉൾപ്പെടെയുള്ള നടപടികൾ മുനിസിപ്പൽ കോർപ്പറേഷൻ നടത്തുന്നുണ്ട്. സംസ്ഥാന സർക്കാരാവട്ടെ, പത്താഴ്ച പത്തു മണി പത്തു മിനിറ്റ് എന്ന പേരിൽ വിവിധ ജനവിഭാഗങ്ങളെ പ്രത്യേകമായി സംഘടിപ്പിച്ചുള്ള പ്രചാരണവും നടത്തിവരുന്നു.