ന്യൂഡൽഹി : നൂറുശതമാനം സീറ്റിലും ആളെ ഇരുത്തിയത് ഇഷ്ടമായില്ലെങ്കിൽ മെട്രോയിൽ യാത്ര ചെയ്യേണ്ടെന്ന് ഹർജിക്കാരനോട് ഹൈക്കോടതി.

ഡൽഹി മെട്രോയിലെ മുഴുവൻ സീറ്റിലും യാത്രക്കാരെ ഇരുത്തി സർവീസ് നടത്തുന്നതിനെ ചോദ്യം ചെയ്ത ഹർജിക്കാരനോടാണ് ജസ്റ്റിസുമാരായ വിപിൻ സാംഘി, ജസ്മീത് സിങ് എന്നിവരുടെ ഉപദേശം. ഇത്തരം പരാതികളുമായി ഇനി കോടതിയിൽ വരരുതെന്നും കോടതി താക്കീതു ചെയ്തു.

പൊതുഗതാഗത നിയന്ത്രിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ബന്ധപ്പെട്ട അധികൃതർക്ക് ഉത്തരവാദിത്വമുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. മുഴുവൻ സീറ്റിലും ആളെ ഇരുത്താനുള്ള ഡൽഹി ദുരന്ത നിവാരണ അതോറിറ്റിയുടെ തീരുമാനം ഇഷ്ടമായില്ലെങ്കിൽ ഹർജിക്കാരൻ ഇനി മെട്രോയിൽ യാത്ര ചെയ്യേണ്ട. നയമുണ്ടാക്കാനും അതു നിർദേശിക്കാനും ഇവിടെയിരിക്കുന്നവരല്ല ഞങ്ങൾ. നിങ്ങൾ പ്രത്യേകിച്ചും അല്ല. ഇപ്പോൾ അവർ സ്‌കൂളുകൾ അനുവദിക്കാൻ പോവുന്നു. സിനിമാശാലകൾ തുറന്നു. നിങ്ങൾ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. അതാണ് മുഖ്യം - കോടതി പറഞ്ഞു.

റെസ്റ്റോറന്റുകളിൽ അമ്പതുശതമാനം പേരെ ഇരുത്തുമ്പോൾ മെട്രോയിൽ നൂറു ശതമാനം പേർക്ക് അനുമതി നൽകിയെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. രണ്ടിടത്തേയും സാഹചര്യവും രണ്ടിന്റേയും ഉപയോഗവും ഒന്നാണോയെന്ന് കോടതി തിരിച്ചു ചോദിച്ചു. നിങ്ങൾ റെസ്റ്റോറന്റിൽ ഇരിക്കുമ്പോൾ മാസ്കു വെച്ച് ഭക്ഷണം കഴിക്കാനോ കുടിക്കാനോ കഴിയില്ല.

സർക്കാരിന്റെ ഓരോ തീരുമാനവും പൗരന്മാർ ഇങ്ങനെ കോടതിയിൽ ചോദ്യം ചെയ്താൽ ഇത്തരം ഹർജികൾക്ക് അവസാനമുണ്ടാവില്ല. ഇതിനൊന്നും ഒരു ന്യായീകരണവുമില്ല. ഇന്ന് ഡൽഹി മെട്രോ, ഡി.ടി.സി, ക്ലസ്റ്റർ ബസ് എന്നിവയിൽ പകുതി സീറ്റു മാത്രമേ പാടൂവെന്ന് നിർദേശിക്കുന്നു. നാളെ ഒരുപക്ഷേ മറ്റൊരാൾക്ക് ഇതു തന്നെ അധികമാണെന്നു തോന്നാം. അതൊന്നും അനുവദിക്കാനാവില്ല- കോടതി വ്യക്തമാക്കി. മെട്രോയിലും ബസിലും ആൾക്കൂട്ടം ഉണ്ടാവാതിരിക്കാൻ ഇപ്പോൾ തന്നെ അധികൃതർ നിർത്തിയുള്ള യാത്ര അനുവദിക്കുന്നില്ല. ആയതിനാൽ, ഹർജിയിൽ കാര്യമില്ലെന്നു ചൂണ്ടിക്കാട്ടി കോടതി അതു തള്ളി.