ന്യൂഡൽഹി: ലെഫ്. ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്ന ബിൽ കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. ബില്ലിനെതിരേ ജന്തർമന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തിനെതിരേ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.എൽ.എ.മാരുമൊക്കെ പ്രതിഷേധവുമായി രംഗത്തിറങ്ങി.

ഈ ബിൽ പാസാക്കിയാൽ മുഖ്യമന്ത്രി എവിടെ പോവുമെന്ന് കെജ്‌രിവാൾ ചോദിച്ചു. തിരഞ്ഞെടുപ്പു നടന്നു. ഞങ്ങൾക്ക് എഴുപതിൽ 62 സീറ്റു ലഭിച്ചു. അതിനൊന്നും അർഥമില്ലേ? ഇങ്ങനെയൊരു നിയമം കൊണ്ടുവന്ന് ഡൽഹിയിലെ ജനങ്ങളെ വഞ്ചിക്കരുത്. ഈ നിയമം ഉടൻ പിൻവലിക്കണം. ഇങ്ങനെയൊരു ബിൽ വഴി ഡൽഹി സർക്കാരിനെ ദുർബലമാക്കാനാണ് ശ്രമം -മുഖ്യമന്ത്രി ആരോപിച്ചു.

ഡൽഹിയിൽ വിദ്യാഭ്യാസരംഗത്ത് വലിയ നേട്ടമുണ്ടാവുന്നു. വൈദ്യുതിയും വെള്ളവുമൊക്കെ സൗജന്യമാക്കി. ഈ വികസനപ്രവർത്തനങ്ങളൊക്കെ തടയുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. ഡൽഹിയിൽ നല്ല രീതിയിൽ ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്നതിനാണ് ജനങ്ങൾ എ.എ.പി.ക്കു വോട്ടുചെയ്യുന്നത്. നിങ്ങളും നല്ല കാര്യങ്ങൾ ചെയ്യൂ. അപ്പോൾ ജനങ്ങൾ വോട്ടുചെയ്യും. ഗുജറാത്തിലും മറ്റും വെള്ളവും വൈദ്യുതിയുമൊക്കെ നൽകൂ. പകരം ഗുണ്ടാഗിരി നടത്തുകയാണ് നിങ്ങൾ -കെജ്‌രിവാൾ ബി.ജെ.പി.ക്കെതിരേ തുറന്നടിച്ചു.

എ.എ.പി.ക്ക് ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്വീകാര്യത ലഭിക്കുന്നു. ഇതിൽ ഭയപ്പെട്ടാണ് ഡൽഹിയിൽ ഇത്തരമൊരു ബിൽ. എ.എ.പി. സർക്കാരിനു രണ്ടു ലക്ഷ്യങ്ങളേയുള്ളൂ. അധികാരം ജനങ്ങൾക്കു നൽകലാണ് ആദ്യത്തേത്. തലസ്ഥാനത്തെ വികസനപ്രവർത്തനങ്ങൾ തടസ്സപ്പെടരുതെന്നും ആഗ്രഹിക്കുന്നു. ഇതിനായി ഞങ്ങൾ കേന്ദ്രത്തിനു മുന്നിൽ അപേക്ഷിക്കേണ്ടിവരുന്നു. അവരുടെ പാദങ്ങളിൽ വീഴണോ? 1947-ൽ സ്വാതന്ത്ര്യം നേടിയതാണ് ഈ രാജ്യം. സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലും ജനങ്ങളെ വഞ്ചിക്കുകയാണ് കേന്ദ്രസർക്കാരെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ഡൽഹി സർക്കാർ നടപ്പാക്കിയ ദേശഭക്തി പാഠ്യപദ്ധതി നടപ്പാക്കിയതിനെതിരേയാണ് കേന്ദ്രം കൊണ്ടുവന്ന ബില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിമർശിച്ചു. പിൻവാതിൽ വഴി ഡൽഹിയുടെ അധികാരം പിടിക്കാനാണ് കേന്ദ്രസർക്കാർ ശ്രമമെന്ന് പരിസ്ഥിതിമന്ത്രി ഗോപാൽ റായ് ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റതിനാലാണ് ഡൽഹിയുടെ അധികാരം നിയന്ത്രിക്കാനുള്ള ബി.ജെ.പി. ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞദിവസം ലോക്‌സഭയിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി. കിഷൻ റെഡ്ഡിയാണ് ബിൽ അവതരിപ്പിച്ചത്. ഡൽഹി സർക്കാർ എടുക്കുന്ന ഏതൊരു തീരുമാനവും ലെഫ്. ഗവർണറുടെ അഭിപ്രായം തേടിയശേഷമാവണമെന്നു വ്യവസ്ഥ ചെയ്യുന്നതാണ് നിയമഭേദഗതി.

സമരരംഗത്തിറങ്ങി കോൺഗ്രസും

ന്യൂഡൽഹി : ഡൽഹിയിൽ ലെഫ്. ഗവർണർക്ക് കൂടുതൽ അധികാരം നൽകിക്കൊണ്ടുള്ള ബില്ലിനെതിരേ കോൺഗ്രസും സമരരംഗത്തിറങ്ങി. ഡി.പി.സി.സി. അധ്യക്ഷൻ അനിൽ കുമാർ ചൗധരിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ജന്തർമന്തറിൽ ധർണ നടത്തി. കേന്ദ്രത്തിന്റെ ഏകാധിപത്യ പ്രവണതയ്ക്കെതിരേയാണ് പ്രതിഷേധമെന്ന് ചൗധരി പറഞ്ഞു.