ന്യൂഡൽഹി : നാല്പത്തിയഞ്ചു വയസ്സിന്‌ മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ അവസാനത്തോടെ കോവിഡ് വാക്‌സിൻ നൽകിത്തുടങ്ങും. നിലവിൽ 60 വയസ്സിന്‌ മുകളിലുള്ളവർക്കുപുറമെ, 45 വയസ്സിനുമുകളിൽ പ്രായമുള്ള മറ്റു രോഗങ്ങളുള്ളവർക്കാണ് വാക്‌സിനേഷൻ.

എന്നാൽ, ഈ നിയന്ത്രണം നീക്കി 45 വയസ്സിനു മുകളിലുള്ള എല്ലാ വിഭാഗങ്ങൾക്കും ഏപ്രിൽ അവസാനത്തോടെ വാക്‌സിൻ നൽകിത്തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ അറിയിച്ചു.

ഇപ്പോഴുള്ള പ്രായപരിധിക്കാർക്കുള്ള വാക്‌സിനേഷൻ പൂർത്തീകരിക്കേണ്ടതുണ്ട്. അതിനു ശേഷമേ മറ്റു വിഭാഗങ്ങൾക്കുള്ള വാക്‌സിൻ വിതരണം ചെയ്തു തുടങ്ങാനാവൂ. അത് ഏപ്രിൽ അവസാനത്തോടെ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. പൊതുജനങ്ങൾക്കെല്ലാം വാക്‌സിൻ നൽകാൻ തുടങ്ങുന്നതിനുമുമ്പ് മുൻഗണനാ വിഭാഗങ്ങൾക്ക് വാക്‌സിനേഷൻ പൂർത്തീകരിച്ചെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. - ലാൻസറ്റ് കമ്മിഷൻ കോവിഡ് ദൗത്യസംഘം അംഗം ഡോ. സുനീല ഗാർഗ് പറഞ്ഞു.

അറുപതുവയസ്സിനുമേൽ പ്രായമുള്ളവരും 45-59 പ്രായപരിധിക്കാരുമായി 20 ലക്ഷത്തോളം പേരുണ്ടെന്നാണ് ഡൽഹി സർക്കാരിന്റെ കണക്കുകൂട്ടൽ. ആരോഗ്യപ്രവർത്തകരായി മൂന്നു ലക്ഷംപേരും കോവിഡ് പ്രതിരോധപ്രവർത്തകരായി ആറു ലക്ഷം പേരുമുണ്ട്. ചൊവ്വാഴ്ച 38,437 പേർക്ക് വാക്‌സിൻ നൽകി.

കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ ജനങ്ങളെ കൂടുതൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് ദേശീയ പകർച്ചവ്യാധി നിയന്ത്രണ വിഭാഗം മേധാവി ഡോ. സുർജീത് സിങ് പറഞ്ഞു. വാക്‌സിൻ സംബന്ധിച്ചുള്ള ആശങ്കയകറ്റാൻ പ്രത്യേക പരിപാടികൾ വേണം. സർക്കാർ ആശുപത്രികളിലെ ആൾക്കൂട്ടത്തിൽ വരാൻ ജനങ്ങൾക്ക്‌ വൈമുഖ്യമുണ്ടെങ്കിൽ കൂടുതൽ സ്വകാര്യകേന്ദ്രങ്ങൾ വാക്‌സിനേഷനു വേണ്ടി ഒരുക്കണം. എന്നാൽ, സംസ്ഥാനസർക്കാരാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വാക്‌സിനേഷൻ നിർബന്ധമല്ലാത്തതിനാൽ ആരെയും നിർബന്ധിക്കാൻ കഴിയില്ലെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം ഊർജിതമായി നടത്തുന്നുണ്ട്. വാക്‌സിനെടുത്താൽ പാർശ്വഫലങ്ങളുണ്ടാവുമെന്ന മിഥ്യാധാരണ തിരുത്താനും ശ്രമിച്ചു വരുന്നു. ആളുകളെ നേരിൽ വിളിച്ചും ഗൃഹസന്ദർശനം നടത്തിയുമൊക്കെ വാക്‌സിനെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ആദ്യഘട്ട വാക്‌സിൻ സ്വീകരിച്ച ഉന്നത ഉദ്യോഗസ്ഥരുടെ ഉദാഹരണങ്ങളും അവരോടു വിവരിക്കുന്നു.