ന്യൂഡൽഹി: ചൊവ്വാഴ്ചയും പ്രതിദിന കോവിഡ് രോഗികൾ നാനൂറിനു മുകളിൽ. ആരോഗ്യബുള്ളറ്റിൻ കണക്കനുസരിച്ച് 425 പേരാണ് പുതുതായി രോഗം ബാധിച്ചവർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരാൾ കൂടി മരിച്ചതോടെ കോവിഡ് മരണസംഖ്യ 10,945 ആയി ഉയർന്നു.

വ്യാഴാഴ്ച മുതലാണ് പ്രതിദിന രോഗികൾ നാനൂറു കടന്നത്. വെള്ളിയാഴ്ച 431, ശനിയാഴ്ച 419, ഞായറാഴ്ച 407 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗികളുടെ എണ്ണം. നിലവിൽ 2488 പേരാണ് ആക്ടീവ് കോവിഡ് രോഗികൾ. കഴിഞ്ഞ ദിവസം ഇതു 2321 പേരായിരുന്നു.

നഗരത്തിൽ 576 കോവിഡ് കൺടെയ്ൻമെന്റ് സോണുകളുണ്ട്. വീടുകളിൽ 1401 പേരാണ് ഏകാന്തവാസത്തിലുള്ള രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിൽ 70,049 കോവിഡ് പരിശോധന നടന്നു. ഇതിൽ 39,425 ആർ.ടി-പി.സി.ആർ പരിശോധനകളായിരുന്നു. കഴിഞ്ഞ ദിവസം അറുപതിനായിരം പരിശോധനകൾ നടന്നത് ചൊവ്വാഴ്ചയോടെ ഏഴുപതിനായിരമായി കൂടി. പ്രതിദിന കേസുകൾ വർധിച്ച പശ്ചാത്തലത്തിലാണ് പരിശോധന കൂട്ടാനുള്ള തീരുമാനം.

ഹോളി ആഘോഷം പ്രമാണിച്ച് അതീവജാഗ്രതയിലാണ് സംസ്ഥാന സർക്കാർ. മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കർശനമായി തുടരണമെന്ന് സർക്കാർ അഭ്യർഥിച്ചു. പ്രതിദിന കേസുകൾ കൂടുന്നുണ്ടെങ്കിലും ആശങ്കപ്പെടാനില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും ഒരു ശതമാനത്തിൽ താഴെയാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.