ന്യൂഡല്‍ഹി: തലസ്ഥാനത്ത് വിദ്യാര്‍ഥി പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്നു. സി.ബി.എസ്.ഇ. ചോദ്യക്കടലാസ് ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ചയും വിദ്യാര്‍ഥികള്‍ പ്രകടനമായി നിരത്തിലിറങ്ങി. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ ബാധിക്കുന്ന പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ. ആസ്ഥാനത്തേക്കും മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറുടെ വസതിയിലേക്കും വിദ്യാര്‍ഥികള്‍ മാര്‍ച്ച് നടത്തി. എന്‍.എസ്.യു. പ്രവര്‍ത്തകരും ഡി.പി.സി.സി. അംഗങ്ങളും മാര്‍ച്ചില്‍ പങ്കെടുത്തു.
 
പ്രകടനം അനിയന്ത്രിതമായതോടെ പോലീസ് വസതിയുടെ പരിസരപ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എന്‍.എസ്.യു. പ്രസിഡന്റ് ഫൈറോസ് ഖാന്‍, ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ വൈസ് പ്രസിഡന്റ് കുനാല്‍ ഷെരാവത്ത് എന്നിവര്‍ ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തി. പ്രശ്‌നം അടിയന്തരമായി പരിഹരിക്കുമെന്ന് ജാവഡേക്കര്‍ ഉറപ്പുനല്‍കിയതായി ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എ.ബി.വി.പി. പ്രവര്‍ത്തകരും കേന്ദ്രമന്ത്രിയെ കണ്ടു.
 
ജാവഡേക്കറും സി.ബി.എസ്.ഇ. ചെയര്‍പേഴ്‌സണ്‍ അനിത കര്‍വാളും രാജിവെച്ച് സംഭവത്തില്‍ സ്വതന്ത്രമായ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഡി.പി.സി.സി. ആവശ്യമുന്നയിച്ചു. മോദിസര്‍ക്കാരിനു കീഴില്‍ പരീക്ഷാ മാഫിയകള്‍ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ പിടിമുറുക്കുന്നതിന്റെ ഉദാഹരണമാണിതെന്ന് എന്‍.എസ്.യു. നേതാവ് നീരജ് മിശ്ര വിമര്‍ശിച്ചു. റദ്ദാക്കിയ പരീക്ഷകള്‍ എത്രയും വേഗം നടത്തണമെന്നാണ് മറ്റൊരാവശ്യം. എന്നാല്‍ വീണ്ടും പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് എന്‍.എസ്.യു. പറഞ്ഞു.
 
സി.ബി.എസ്.ഇ.യുടെ കെടുകാര്യസ്ഥത മൂലം ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ദുരിതമനുഭവിക്കുകയാണെന്നും ഇനിയും വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്ന നിലപാടിന് മാറ്റംവരുത്തണമെന്നും ഓള്‍ സ്‌കൂള്‍ പാരന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ശിവാനി ജെയ്ന്‍ ആവശ്യപ്പെട്ടു.