ന്യൂഡല്‍ഹി: ജാമ്യംലഭിക്കുന്ന വിചാരണത്തടവുകാരെ ജയിലില്‍നിന്ന് വിട്ടയക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വിചാരണക്കോടതി ജഡ്ജിയുടെ ചുമതലയാണെന്ന് ഡല്‍ഹി ഹൈക്കോടതി. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ജഡ്ജിമാര്‍ ഉറപ്പുവരുത്തണമെന്നും ജാമ്യം ലഭിച്ചിട്ടും ജയിലില്‍ കഴിയേണ്ടിവരുന്ന സാഹചര്യങ്ങള്‍ എന്താണെന്ന് പരിശോധിക്കണമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീതാ മിത്തല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.

ഭരണഘടനയുടെ 21-ാം വകുപ്പ് വാഗ്ദാനംചെയ്യുന്ന ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഒരു പൗരനും നിഷേധിക്കാനാവില്ല. ഹീനമായ കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്കുപോലും ഈ അവകാശം നിഷേധിക്കാനാവില്ല. ജാമ്യവ്യവസ്ഥകള്‍ പാലിക്കാനാകാതെ വിചാരണത്തടവുകാര്‍ ജയിലില്‍ കഴിയുന്നുണ്ടെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ വിചാരണക്കോടതികള്‍ സ്വമേധയാ തയാറാകത്തതിന് ഒരു കാരണവും കണുന്നില്ല. ജാമ്യംലഭിച്ചിട്ടും പുറത്തുപോകാനാകുന്നില്ലെങ്കില്‍ അക്കാര്യം പരിശോധിക്കേണ്ടതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ജാമ്യം അനുവദിച്ചിട്ടും നിരവധി വിചാരണത്തടവുകാര്‍ ജയിലില്‍ കഴിയുകയാണെന്ന് കാണിച്ച് അഭിഭാഷകനായ അജയ് ശര്‍മ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജി മേയ് ഒന്നിന് വീണ്ടും പരിഗണിക്കും.