ന്യൂഡല്‍ഹി: അപകടനിലയിലുള്ള അന്തരീക്ഷ മലിനീകരണം ജനങ്ങളുടെ കണ്ണുതുറപ്പിച്ചെന്നു തെളിയിച്ച് ഡല്‍ഹി സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട്. 2016-17 വര്‍ഷത്തില്‍ ഡീസല്‍ ഉപഭോഗം കുറഞ്ഞതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പുറത്തിറക്കിയ റിപ്പോര്‍ട്ട് വെളിപ്പെടുത്തി.
 
2015-16 വര്‍ഷം 15,08,000 മെട്രിക് ടണ്ണുണ്ടായിരുന്ന ഡീസല്‍ ഉപഭോഗം 2016-17 വര്‍ഷം 12,67,000 മെട്രിക് ടണ്ണായി കുറഞ്ഞു. അന്തരീക്ഷ മലിനീകരണത്തിനെതിരേ സര്‍ക്കാര്‍ നടത്തുന്ന ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതിനു തെളിവാണിതെന്ന് ഉപമുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നഗരവാസികളുടെ വ്യക്തിഗത വരുമാനത്തിലുണ്ടായ വര്‍ധനവും വികസനനേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പെട്രോള്‍ ഉപഭോഗം നേരിയ തോതില്‍ വര്‍ധിക്കുകയും ചെയ്തു. 2015-16 വര്‍ഷം 9,02,000 മെട്രിക് ടണ്ണായിരുന്നത് പിറ്റേ വര്‍ഷം 9,06,000 മെട്രിക് ടണ്ണായി വര്‍ധിച്ചു. 2017 മാര്‍ച്ച് വരെയുള്ള കണക്കില്‍ 1.05 കോടിയാണ് ഡല്‍ഹിയിലെ വാഹനങ്ങളുടെ എണ്ണം. പുതുതായി 7.78 ലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതില്‍ 20,690 ഇ-റിക്ഷകളുണ്ട്. കാറും ജീപ്പുമായി 31.53 ലക്ഷം, ഇരുചക്രവാഹനം-67.08 ലക്ഷം എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ട വാഹനങ്ങളുടെ എണ്ണം.

റോഡപകടങ്ങളുടെ എണ്ണത്തിലും കുറവുണ്ടായി. 2015-ല്‍ 8085 റോഡപകടങ്ങളുണ്ടായി. ഇത് 2016-ല്‍ 7375 അപകടങ്ങളായി കുറഞ്ഞു. ഡി.ടി.സിയില്‍ 31.55 ലക്ഷമാണ് 2016-17 വര്‍ഷം ദൈനംദിനയാത്രികരുടെ എണ്ണം.

പ്രതിശീര്‍ഷ വ്യക്തിഗതവരുമാനം 2016-17 വര്‍ഷത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ 10.76 ശതമാനം കൂടി. 3,03,073 രൂപയാണ് വ്യക്തിഗത വരുമാനം. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്താല്‍ ഇതില്‍ 9.7 ശതമാനമാണ് വര്‍ധനവെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തി. 1,03,219 രൂപയാണ് ദേശീയതലത്തിലുള്ള വ്യക്തിഗത വരുമാനം.

മിനിമം വേതനത്തിലും വര്‍ധനവുണ്ടായി. 2016-ല്‍ 9568 രൂപയുള്ളത് 2017 ഏപ്രിലില്‍ 13,350 രൂപയായി വര്‍ധിച്ചു. വൈദ്യുതി ഉപഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചു. 2015-16 വര്‍ഷം 52.63 ലക്ഷം ഉപഭോക്താക്കളായിരുന്നതു 2016-17ല്‍ 55.68 ലക്ഷമായി കൂടി. വാട്ടര്‍ കണക്ഷനുള്ളവരുടെ എണ്ണം 2015-16ല്‍ 19.49 ലക്ഷമായിരുന്നതു 2016-17ല്‍ 23.16 ലക്ഷമായി വര്‍ധിച്ചു. 14,914 ലക്ഷം കിലോ ലിറ്ററാണ് ജല ഉപഭോഗം. ഒരു ദിവസം ഒരാള്‍ 47 ഗാലണ്‍ വെള്ളം ഉപയോഗിക്കുന്നു.