ഡല്‍ഹി: ഡല്‍ഹി ജന്‍പഥില്‍ നിര്‍മിച്ച അംബേദ്കര്‍ അന്താരാഷ്ട്രകേന്ദ്രം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിച്ചു. ജന്‍പഥില്‍ 3.25 ഏക്കര്‍ സ്ഥലത്ത് ബുദ്ധ, ആധുനിക വാസ്തുവിദ്യകള്‍ സംയോജിപ്പിച്ചാണ് നിര്‍മാണം. മാനവിക, സാമൂഹികശാസ്ത്രം മേഖലകളില്‍ മികവിന്റെ കേന്ദ്രമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സാമൂഹിക, സാമ്പത്തിക മേഖലകളിലെ നയങ്ങളും പദ്ധതികളും രൂപവത്കരിക്കുന്നതില്‍ സര്‍ക്കാരിന്റെ ഉപദേശകകേന്ദ്രമായും ഇത് പ്രവര്‍ത്തിക്കും.

അംബേദ്കര്‍, ബുദ്ധദര്‍ശന പഠനമേഖലകളില്‍ ഗവേഷണത്തിനും പഠനത്തിനുമുള്ള പ്രധാനകേന്ദ്രമാകും. പട്ടികജാതി, പട്ടികവര്‍ഗം, മറ്റ് പിന്നാക്കവിഭാഗങ്ങള്‍, സ്ത്രീകള്‍, ന്യൂനപക്ഷം എന്നിവയുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തുന്നവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹായധനം ലഭിക്കും.

പതിനായിരം പുസ്തകങ്ങളുള്ള ലൈബ്രറി, അന്താരാഷ്ട്ര ലൈബ്രറികളുമായി ബന്ധിപ്പിച്ചുള്ള ഇ-ലൈബ്രറി, കോണ്‍ഫറന്‍സ് ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ കേന്ദ്രത്തിലുണ്ട്. 2015 ഏപ്രിലിലാണ് ഇതിനു തറക്കല്ലിട്ടത്.