ന്യൂഡൽഹി: ജി.എസ്.ടി. നടപ്പാക്കിയതിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സിന്റെ ആഭിമുഖ്യത്തിൽ ധർണനടത്തി. കോൺഗ്രസ് ഡൽഹി ഘടകത്തിന്റെ ചുമതലയുള്ള പി.സി. ചാക്കോ ധർണ ഉദ്ഘാടനംചെയ്തു.

മനോഹരമായ ആശയം നടത്തിപ്പിലൂടെ വികലമാക്കിയ അനുഭവമാണ് ജി.എസ്.ടി. നൽകുന്നതെന്ന് പി.സി. ചാക്കോ പറഞ്ഞു. സാമ്പത്തിക വളർച്ചയ്ക്കു പകരം മുരടിപ്പാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജി.എസ്.ടി.എൻ. സോഫ്റ്റ്‌വേർ പൂർണതോതിൽ പ്രവർത്തനക്ഷമമാക്കുക, ഏകീകൃത നഷ്ടപരിഹാര പാക്കേജ് നടപ്പാക്കുക, ജി.എസ്.ടി. അഞ്ച് ശതമാനമാക്കുക, നികുതി റിട്ടേണുകളുടെ എണ്ണം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.

എ. സമ്പത്ത് എം.പി., അസോസിയേഷൻ ചെയർമാൻ വർഗീസ് കണ്ണമ്പള്ളി, പി. വേലപ്പൻ നായർ, ജോസഫ് ജോൺ, വി. ഹരിദാസ്, കെ.കെ. രാധാകൃഷ്ണൻ, കെ. അനിൽകുമാർ, മാത്യു പായിക്കാടൻ, രാജേഷ്, അഭിഷേക് കൗൾ, വിരേന്ദ്ര അതുവാല, അഷറഫ് കടവിളാകം എന്നിവർ പ്രസംഗിച്ചു.