ന്യൂഡല്‍ഹി: വസന്ത് കുഞ്ജ് ഐ.എല്‍.ബി.എസ്. ആസ്​പത്രിയില്‍ മലയാളി നഴ്‌സ് ആത്മഹത്യചെയ്യാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മലയാളി നഴ്‌സുമാരുടെ സുരക്ഷയെക്കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ചനടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൊഴില്‍ സംബന്ധമായി നിരന്തരം നഴ്‌സുമാര്‍ പീഡനം നേരിടുന്നെന്ന് ചൂണ്ടിക്കാട്ടി ആസ്​പത്രിയിലെ എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. സമരം ഒത്തുത്തീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് ഐ.എല്‍.ബി.എസില്‍ പ്രവേശിപ്പിച്ച ജീന ജോസഫിന് അമിത ഡോസ് അനസ്‌തേഷ്യ നല്‍കിയെന്നും അവര്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് അവര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും സംശയം തോന്നിയതിനാല്‍ എയിംസ് ട്രോമകെയറിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു. ഇതുസംബന്ധിച്ച് ഡല്‍ഹി വനിതാ കമ്മിഷനും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്. സംഘടനാ പ്രതിനിധികളായ ബ്രിജിത്ത്, ബിബിന്‍ കൃഷ്ണന്‍, പ്രിന്‍സി, ജയമോള്‍, ഷിജോ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

പുറത്താക്കിയ നഴ്‌സിനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നഴസുമാര്‍ നടത്തുന്ന സമരം നാലാംദിവസത്തിലേക്ക് കടന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരം ശക്തമായി തുടരുമെന്ന് ഇ.പി.ഡബ്ല്യു. ഭാരവാഹികള്‍ അറിയിച്ചു. നിലവില്‍ അടിയന്തര ചികിത്സാവിഭാഗത്തിലെ നഴ്‌സുമാര്‍ മാത്രമാണ് ജോലിയില്‍ പ്രവേശിച്ചിട്ടുള്ളത്. അതിനിടെ നഴ്‌സിനെ തിരിച്ചെടുക്കില്ലെന്ന നിലപാടില്‍ ആസ്​പത്രി മാനേജ്‌മെന്റ് ഉറച്ചുനില്‍ക്കുകയാണ്.

കരാര്‍ സമ്പ്രദായം അവസാനിപ്പിക്കണം -ഐ.പി.എന്‍.എ.

കരാറടിസ്ഥാനത്തില്‍ നഴ്‌സുമാരെ ജോലിക്കെടുക്കുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്‌സസ് അസോസിയേഷന്‍, ഡല്‍ഹി പ്രൈവറ്റ് നഴ്‌സസ് അസോസിയേഷന്‍ എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കെജ്രിവാളിനും നിവേദനം നല്‍കി. ഒരേ ജോലിക്ക് സ്ഥിരനിയമനക്കാര്‍ക്ക് ലഭിക്കുന്നതിന്റെ പകുതി ശമ്പളം മാത്രമാണ് കരാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നത്. തുല്യ ജോലിക്ക് തുല്യ വേതനം എന്ന സുപ്രീംകോടതിവിധിയുടെ ലംഘനമാണ് ഇതെന്നും നഴ്‌സുമാര്‍ ചൂണ്ടിക്കാട്ടി. സ്വകാര്യ ആസ്​പത്രിയിലെ നഴ്‌സുമാരുടെ തൊഴില്‍ അന്തരീക്ഷവും സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്ന് ശുപാര്‍ശചെയ്ത ഡോ. ജഗദീഷ് പ്രസാദ് തലവനായ വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.