ന്യൂഡല്‍ഹി: വികാസ്​പുരി കേരള സ്‌കൂളിന്റെ 32-ാം വാര്‍ഷികാഘോഷം വെള്ളിയാഴ്ച രാവിലെ 11-ന് നടക്കും. ജെ.എന്‍.യു. അധ്യാപകന്‍ പ്രൊഫ. എ.കെ. രാമകൃഷ്ണന്‍ മുഖ്യാതിഥിയായിരിക്കും. മാധ്യമപ്രവര്‍ത്തകന്‍ കെ.പി.കെ. കുട്ടി, ഡല്‍ഹി പോലീസ് അസി. കമ്മിഷണര്‍ വേണുഗോപാല്‍, കേരള എജ്യുക്കേഷന്‍ സൊസൈറ്റി ചെയര്‍മാന്‍ ബാബു പണിക്കര്‍, സെക്രട്ടറി ജനറല്‍ പി.കെ. രവീന്ദ്രനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും. കുട്ടികള്‍ക്കുള്ള സമ്മാനദാനം, ഉന്നത പദവിയിലെത്തിയ രണ്ടു പൂര്‍വവിദ്യാര്‍ഥികളെ ആദരിക്കല്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയുണ്ടാവും.

വിദ്യാഭ്യാസത്തില്‍ മികവിന്റെ കൈയ്യൊപ്പു ചാര്‍ത്തിയ അഭിമാനമുഹൂര്‍ത്തത്തിലാണ് കേരള സ്‌കൂളിന്റെ വാര്‍ഷികാഘോഷം. 1975-ല്‍ 10 കുട്ടികളുമായി ജനക്പുരിയില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം. ഇന്ന് നഴ്‌സറിമുതല്‍ 12 വരെയുള്ള ക്ലാസുകളിലായി 1700 വിദ്യാര്‍ഥികള്‍ പഠിക്കുന്നു. അധ്യാപകരും അനധ്യാപകരുമായി എണ്‍പതിലേറെ ജീവനക്കാരും. ജനക്പുരി കേരള അസോസിയേഷന്‍ സ്ഥാപിച്ചതാണ് കേരള സ്‌കൂള്‍. ഏതാനും വര്‍ഷങ്ങളായി 10, 12 ക്ലാസുകളില്‍ നൂറുമേനി വിജയം കൊയ്ത് ഡല്‍ഹിയിലെ പബ്ലിക് സ്‌കൂളുകളോടു മത്സരിക്കാവുന്ന നിലവാരത്തിലേക്ക് സ്‌കൂള്‍ വളര്‍ന്നു. മുമ്പു താത്കാലിക ടെന്റുകളില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയ സ്‌കൂളിന് ഇന്നു വിശാലമായ കെട്ടിട സമുച്ചയമുണ്ട്. 1500 പേരെ ഉള്‍ക്കൊള്ളാവുന്ന വലിയ ഓഡിറ്റോറിയം, ചെറിയ പരിപാടികള്‍ സംഘടിപ്പിക്കാനാവുന്ന മിനി ഓഡിറ്റോറിയം, അത്യാധുനിക സജ്ജീകരണങ്ങളുള്ള പരിശീലന ലാബുകള്‍, മികച്ച കളിസ്ഥലം തുടങ്ങിയവയാണ് സ്‌കൂളിന്റെ സവിശേഷ സൗകര്യങ്ങള്‍.

സ്‌കൂള്‍ ഭരണസമിതിയുടെ അര്‍പ്പണബോധവും രക്ഷാകര്‍ത്താക്കളുടെ ജാഗ്രതയും അധ്യാപകരുടെ ആത്മാര്‍ഥതയുമാണ് സ്‌കൂളിന്റെ വളര്‍ച്ചയ്ക്കുപിന്നില്‍. ജയന്തി ആര്‍. ചന്ദ്രനാണ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍. പി.കെ.ജി. നായര്‍ (ചെയ.), അനില്‍കുമാര്‍ (ആക്ടിങ് സെക്ര.), രാജശേഖരന്‍ നായര്‍ (ട്രഷ.) എന്നിവര്‍ സാരഥികളായി 11 അംഗങ്ങളുള്ളതാണ് സ്‌കൂള്‍ ഭരണസമിതി. സെന്‍കുമാര്‍ പി.ടി.എ. സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.