ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ നഗരത്തിലെ ആസ്​പത്രികളില്‍ ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന. പലരുടെയും ആരോഗ്യനില ഗുരുതരമാകാനുള്ള സാധ്യതയേറെയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആസ്ത്മ, ശ്വസനസംബന്ധമായ മറ്റു രോഗങ്ങള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവയുള്ളവരുടെ ആരോഗ്യനില ഏറെ വഷളാകുമെന്നും ഡോക്ടര്‍ പറഞ്ഞു.

ശ്വാസതടസം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവമൂലം ആസ്​പതിയിലെത്തിയവരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായതായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. എന്‍-95 മാസ്‌കിന്റെയും എയര്‍ പ്യൂരിഫയറിന്റെയും വില്‍പ്പന വര്‍ധിച്ചെങ്കിലും മുഴുവന്‍ സമയ സംരക്ഷണം ലഭിക്കില്ലെന്നും അതിനാല്‍ ദീര്‍ഘകാല നടപടികളാണ് ആവശ്യമെന്നും ഡോ. ഗുലേറിയ പറഞ്ഞു.

ശ്വാസകോശരോഗങ്ങള്‍മൂലം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായതായി സഫ്ദര്‍ജങ് ആസ്​പത്രിയിലെ ശ്വാസകോശ രോഗ വിഭാഗം പ്രൊഫസര്‍ ഡോ. ജെ.സി. സൂരി പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗികളുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയാണുണ്ടായതെന്ന് ഫോര്‍ട്ടിസ് ആസ്​പത്രി ഡയറക്ടര്‍ വിവേക് നംഗിയ പറഞ്ഞു. രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി ഇന്ദ്രപ്രസ്ഥ അപ്പോളോ ആസ്​പത്രി സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. രാജേഷ് ചൗള പറഞ്ഞു.