ന്യൂഡല്‍ഹി: നോയ്ഡ-ഗ്രേയ്റ്റര്‍ നോയ്ഡ മെട്രോ പാതയില്‍ അവസാന ഗ്രിഡര്‍ സ്ഥാപിക്കുന്ന ജോലിയും പൂര്‍ത്തിയായി. ഇതോടെ, 30 കി. മീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ വൈദ്യുതി ശൃംഖലയ്ക്കുള്ള ജോലികളും പൂര്‍ത്തിയായി. എന്‍.സി.ആര്‍. മേഖലയിലെ രണ്ടു സുപ്രധാനസ്ഥലങ്ങള്‍ ബന്ധിപ്പിക്കുന്നതാണ് ഈ മെട്രോ പാത. ഡി.എം.ആര്‍.സി. മാനേജിങ് ഡയറക്ടര്‍ മാംഗു സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു ഗ്രിഡ് പൂര്‍ത്തീകരണം.

2015-മേയില്‍ ഈ പാതയില്‍ സിവില്‍ ജോലികള്‍ തുടങ്ങി. ആദ്യ ഗ്രിഡര്‍ 2015 ഡിസംബറില്‍ സ്ഥാപിച്ചു. 22 മാസത്തിനുള്ളില്‍ 2830 ഗ്രിഡറുകള്‍ ഈ പാതയില്‍ ഘടിപ്പിച്ചു. 200 യു ഗ്രിഡറുകളും സ്ഥാപിച്ചു. ഇത്രയേറെ യു ഗ്രിഡറുകളുള്ള ആദ്യ മെട്രോ പാതയാണിതെന്ന് ഡി.എം.ആര്‍.സി. വൃത്തങ്ങള്‍ പറഞ്ഞു.

പൂര്‍ണമായും ഉപരിപാതയാണ് നോയ്ഡ-ഗ്രെയ്റ്റര്‍ നോയ്ഡ മെട്രോ പാത. 21 സ്റ്റേഷനുകളുണ്ടാവും. സ്റ്റാന്‍ഡേഡ് ഗേജ് വണ്ടികളാണ് ഈ പാതയില്‍ സര്‍വീസ് നടത്തുക. 21 മീറ്റര്‍ ദൂരത്തില്‍ യമുന-ആഗ്ര എക്‌സ്​പ്രസ് പാതയ്ക്കു മുകളിലൂടെ കടന്നു പോവുന്നതു കൂടിയാണ് ഈ മെട്രോ പാത. നോളജ് പാര്‍ക്ക് മെട്രോ സ്റ്റേഷനു സമീപത്തായിരിക്കും ഈ മേല്‍പ്പാലം. പ്ലാറ്റ്‌ഫോമില്‍ ദൃശ്യകവാടങ്ങള്‍, മഴവെള്ള സംഭരണി, സൗരോര്‍ജ് പാനലുകള്‍ തുടങ്ങിയ ഒട്ടേറെ പ്രത്യേകതകളുള്ളതാണ് ഈ മെട്രോ പാത.