ന്യൂഡല്‍ഹി: രാജ്യത്ത് അഴിമതിവിരുദ്ധ ബദല്‍ രാഷ്ട്രീയമുയര്‍ത്തി രൂപവത്കരിക്കപ്പെട്ട ആം ആദ്മി പാര്‍ട്ടിക്ക് അഞ്ചുവയസ്സ് തികയാനിരിക്കേ നേതൃനിര അകലുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ഒരു ഭാഗത്തും കവിയും പാര്‍ട്ടിനേതാവുമായ കുമാര്‍ വിശ്വാസ് മറുഭാഗത്തുമായി രണ്ടുതട്ടിലായിക്കഴിഞ്ഞു. ഈമാസം അഞ്ചുവയസ്സുതികയുന്ന എ.എ.പി.യുടെ ദേശീയ കൗണ്‍സില്‍യോഗം കഴിഞ്ഞയാഴ്ച ചേര്‍ന്നിരുന്നു. പ്രസംഗിക്കുന്നവരുടെ പട്ടികയില്‍നിന്ന് കുമാര്‍ വിശ്വാസ് ആദ്യമായി മാറ്റിനിര്‍ത്തപ്പെട്ട യോഗം പാര്‍ട്ടിയിലെ വിഭാഗീയതയുടെ പ്രതിഫലനമായി.

കോണ്‍ഗ്രസും ബി.ജെ.പി.യും മാത്രമാണ് എന്നെ പേടിക്കുന്നതെന്നാണ് ഞാന്‍ വിചാരിച്ചതെന്നായിരുന്നു പ്രസംഗകരുടെ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് കുമാര്‍ വിശ്വാസിന്റെ പ്രതികരണം. ഗാസിയാബാദിലെ തന്റെ വീട്ടില്‍ പാര്‍ട്ടിയുടെ നിര്‍ണായക തീരുമാനങ്ങള്‍ ഉടലെടുത്തത് സ്ഥാപകനേതാവായ കുമാര്‍ വിശ്വാസ് പലപ്പോഴും പരാമര്‍ശിക്കാറുള്ളത് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടി. നിലവില്‍ രാജസ്ഥാനിലെ പാര്‍ട്ടിയുടെ ചുമതലക്കാരനാണ് കുമാര്‍ വിശ്വാസ്. കെജ്രിവാളിന്റെ ചുറ്റും അനുചരവൃന്ദം നിറഞ്ഞതോടെ കുമാര്‍ വിശ്വാസ് അകലാന്‍ തുടങ്ങിയെന്നാണ് പാര്‍ട്ടിവൃത്തങ്ങളുടെ വിലയിരുത്തല്‍.

ഉന്നതനേതൃത്വം തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കുമാര്‍ വിശ്വാസിന്റെ പരാതി. ഡല്‍ഹിയില്‍നിന്നുള്ള രാജ്യസഭാ സീറ്റില്‍ വിശ്വാസ് പരിഗണിക്കപ്പെട്ടിരുന്നു. നിയമസഭയില്‍ 67 അംഗങ്ങളുടെ ഭൂരിപക്ഷമുള്ള എ.എ.പി.ക്ക് മൂന്നുപേരെ രാജ്യസഭയിലേക്ക് അയയ്ക്കാം. എന്നാല്‍, കുമാര്‍ വിശ്വാസിനെ രാജ്യസഭയിലേക്കയച്ച് വീണ്ടും പാര്‍ട്ടിക്കെതിരേ കടന്നാക്രമണം തുടര്‍ന്നാല്‍ എന്തുചെയ്യുമെന്നാണ് കെജ്രിവാളുമായി അടുപ്പമുള്ളവരുടെ ചോദ്യം. പാര്‍ട്ടിയിലെ ഒരുവിഭാഗം ശക്തമായി വിശ്വാസിനെതിരേ രംഗത്തുണ്ട്. കുമാര്‍ വിശ്വാസ് പാര്‍ട്ടിയെ പിളര്‍ത്താന്‍ ആര്‍.എസ്.എസ്. ഏജന്റായി പ്രവര്‍ത്തിക്കുന്നുവെന്ന് അടുത്തിടെ ഓഖ്‌ല എം.എല്‍.എ. അമാനത്തുള്ള ഖാന്‍ ആരോപിച്ചിരുന്നു. ഖാനെതിരേ നടപടിയെടുത്തില്ലെങ്കില്‍ താന്‍ പാര്‍ട്ടിവിടുമെന്ന് കുമാര്‍ വിശ്വാസ് ഭീഷണിമുഴക്കി. തുടര്‍ന്ന്, ഖാനെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. അടുത്തിടെ തിരിച്ചെടുക്കുകയുംചെയ്തു.

എം.സി.ഡി. തിരഞ്ഞെടുപ്പിനുമുമ്പായി ഡല്‍ഹിസര്‍ക്കാരിനെതിരേ അഴിമതിപ്രശ്‌നമുയര്‍ത്തി കുമാര്‍ വിശ്വാസ് അഭിപ്രായപ്രകടനം നടത്തിയതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി. ഇതുതിരഞ്ഞെടുപ്പിനെ ബാധിച്ചെന്നാണ് കെജ്രിവാള്‍പക്ഷത്തിന്റെ വിമര്‍ശനം. പാര്‍ട്ടിക്കുപുറത്തുള്ളവരുടെ ചട്ടുകമായി കുമാര്‍ വിശ്വാസ് മാറിയെന്നും എ.എ.പി.യില്‍ അഭിപ്രായം ശക്തമായി. പുറത്താക്കപ്പെട്ട എം.എല്‍.എ. കപില്‍ മിശ്രയുടെ അടുപ്പക്കാരനാണ് വിശ്വാസെന്നാണ് മറ്റൊരു ആക്ഷേപം. കുമാര്‍ വിശ്വാസ് ഡല്‍ഹിസര്‍ക്കാരിനെ വിമര്‍ശിക്കുന്ന വീഡിയോ എം.സി.ഡി. തിരഞ്ഞെടുപ്പുകാലത്ത് പ്രചരിച്ചിരുന്നു. എം.സി.ഡി തിരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം കുമാര്‍ വിശ്വാസ് പാര്‍ട്ടിനേതൃത്വം ഏറ്റെടുക്കണമെന്ന് അഭിപ്രായമുയര്‍ന്നു. എന്നാല്‍, വീഡിയോ മറുഭാഗം ആയുധമാക്കി.

വിശ്വാസിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമോയെന്നാണ് ഉയര്‍ന്നിട്ടുള്ള ആശങ്ക. എന്നാല്‍, അതൊരു പൊട്ടിത്തെറിയിലേക്ക് വഴിമാറും. ക്ഷമയും സമയവും വിധിനിര്‍ണയിക്കുന്നതാണ് രാഷ്ട്രീയമെന്നാണ് കെജ്രിവാളിന്റെ വിശ്വസ്തരുടെ വാദം. സ്വന്തം സമയം തെളിയാന്‍ കുമാര്‍ വിശ്വാസ് കാത്തിരിക്കണമെന്ന് ഈ പക്ഷം അഭിപ്രായപ്പെട്ടു. എന്തായാലും കെജ്രിവാളുമായി ഉടക്കി യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും സ്വരാജ് ഇന്ത്യ രൂപവത്കരിച്ചതുപോലെ മറ്റൊരു പൊട്ടിത്തെറിയുണ്ടായി, കുമാര്‍ വിശ്വാസും വേറെ വഴിക്കാകുമോയെന്ന് കാത്തിരിക്കുകയാണ് എ.എ.പി.യുടെ അഞ്ചാംവര്‍ഷത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകരും ജനങ്ങളും.