ന്യൂഡല്‍ഹി: എ.എ.പി.സര്‍ക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായ മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിക്കാന്‍ രാഷ്ട്രീയം മറന്ന് സഹായം ചെയ്യണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാഷ്ട്രീയ താത്പര്യങ്ങള്‍ മാറ്റിവെച്ച് നന്‍മയെ കരുതി മൊഹല്ല ക്ലിനിക്കിന് സഹായം നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന.

മൊഹല്ല ക്ലിനിക്കുകള്‍ കൂടുതലായി സ്ഥാപിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് ഈസ്റ്റ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ഇ.ഡി.എം.സി.) സ്ഥലം നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടാണ് കെജ്രിവാള്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിച്ചത്.

പാവപ്പെട്ടവര്‍ ചികിത്സയ്ക്കായി മൊഹല്ല ക്ലിനിക്കുകളെയാണ് ആശ്രയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ മൊഹല്ല ക്ലിനിക്കിന് നല്‍കുന്ന എന്ത് സഹായവും പുണ്യപ്രവൃത്തിയാകും. എല്ലാവരും കക്ഷിരാഷ്ട്രീയം മറികടന്ന് മൊഹല്ല ക്ലിനിക്കുകള്‍ക്കായി മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നഗരവാസികള്‍ക്ക് വീടിനുസമീപത്തുതന്നെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനാണ് മൊഹല്ല ക്ലിനിക്കുകള്‍ ആരംഭിച്ചത്. നിലവില്‍ 158 ക്ലിനിക്കുകളാണുള്ളത്. ആയിരം ക്ലിനിക്കുകളാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കിടത്തിച്ചികിത്സ ആവശ്യമില്ലാത്ത രോഗങ്ങള്‍ക്ക് വലിയ ആസ്​പത്രികളെ സമീപിക്കുന്നത് കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജനങ്ങള്‍ക്ക് വീടിനുസമീപത്തെ ക്ലിനിക്കില്‍ ചെന്ന് ഡോക്ടറെ കണ്ട് മരുന്നുവാങ്ങാം. അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യമാണെങ്കില്‍മാത്രം വലിയ ആസ്​പത്രികളെ സമീപിച്ചാല്‍ മതിയാകും.