ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മറ്റ് അഞ്ച് എ.എ.പി. നേതാക്കന്മാര്‍ക്കുമെതിരേ 10 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി തെളിവുകള്‍ നല്‍കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഒരുസംഘം സീനിയര്‍ അഭിഭാഷകരുമൊത്ത് ഹാജരായ ജെയ്റ്റ്‌ലി തെളിവുകള്‍ കൈമാറുകയായിരുന്നു.

ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട് അഴിമതിക്കേസുമായി ബന്ധപ്പെട്ട് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മുഖ്യമന്ത്രിയും എ.എ.പി. നേതാക്കന്മാരും ശ്രമിക്കുകയാണെന്നാരോപിച്ചാണ് ജെയ്റ്റ്‌ലി കേസ് ഫയല്‍ ചെയ്തത്.
 
2015 ഡിസംബറില്‍ കേസ് ഫയല്‍ ചെയ്തതിനുശേഷം ഇതാദ്യമായാണ് ജെയ്റ്റ്‌ലി കോടതിയില്‍ ഹാജരാകുന്നത്. ഒന്നരമണിക്കൂര്‍ നീണ്ട കോടതി നടപടിയില്‍ ജെയ്റ്റ്‌ലിക്കുവേണ്ടി സീനിയര്‍ അഭിഭാഷകരായ രാജീവ് നയ്യാര്‍, സന്ദീപ് സേത്തി, പ്രതിഭ എം. സിങ് തുടങ്ങിയവര്‍ കോടതിയില്‍ ഹാജരായി. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി അടുത്തവര്‍ഷം മാര്‍ച്ച് ആറിലേക്കുമാറ്റി.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ രാം ജേഠ്മലാനിയാണ് ഹാജരാകുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഋഷികേശ് കോടതിയെ ബോധിപ്പിച്ചു. രണ്ടുമാസത്തേക്ക് ജേഠ്മലാനിക്ക് കോടതിയില്‍ ഹാജരാകാനാകാത്തതിനാല്‍ കേസ് ദീര്‍ഘകാലത്തേക്ക് മാറ്റിവെയ്ക്കണമെന്ന് ഋഷികേശ് ആവശ്യപ്പെട്ടു. ജെയ്റ്റ്‌ലിയുടെ അഭിഭാഷകര്‍ ഇതിനെ എതിര്‍ത്തു. കേസ് അനാവശ്യമായി വൈകിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് അവര്‍ വാദിച്ചു. തുടര്‍ന്ന് കേസ് മാര്‍ച്ച് ആറിലേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

കെജ്രിവാളിനുപുറമേ രാഘവ് ചദ്ദ, കുമാര്‍ വിശ്വാസ്, അഷുതോഷ്, സഞ്ജയ് സിങ്, ദീപക് ബാജ്‌പേയി എന്നിവര്‍ക്കെതിരേയാണ് ജെയ്റ്റ്‌ലി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.