ന്യൂഡൽഹി : ദുരൂഹസാഹചര്യത്തിൽ മരിച്ച ഒമ്പതുകാരിയുടെ മൃതദേഹം സമ്മതമില്ലാതെ സംസ്കരിച്ചെന്ന് രക്ഷിതാക്കളുടെ പരാതി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഓൾഡ് നംഗൽ വില്ലേജിലായിരുന്നു സംസ്കാരം. പരാതി ലഭിച്ചതിനെത്തുടർന്ന് ശ്മശാനം പുരോഹിതനടക്കം നാലുപേരെ അറസ്റ്റുചെയ്തു. പെൺകുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്നും സംശയിക്കുന്നു.

ശ്മശാനത്തിനു സമീപമുള്ള വാടകവീട്ടിലായിരുന്നു പെൺകുട്ടിയുടെ കുടുംബത്തിന്റെ താമസം. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ ശ്മശാനത്തിലെ കൂളറിൽനിന്നു വെള്ളമെടുക്കാൻ പോയതായിരുന്നു പെൺകുട്ടി. ആറുമണിയോടെ പുരോഹിതൻ രാധേ ശ്യാമും മറ്റു മൂന്നു പേരും കൂടി അമ്മയെ വിളിച്ചുകൊണ്ടുപോയി പെൺകുട്ടിയുടെ മൃതദേഹം കാണിച്ചുകൊടുത്തു. കൂളറിൽനിന്നു ഷോക്കേറ്റതാണെന്നു പറഞ്ഞു.

ഇടതുകൈയിൽ പൊള്ളലേറ്റ പാടും ചുണ്ടുകൾ നീലിച്ച നിറത്തിലുമുണ്ടായിരുന്നു. പോലീസിനെ അറിയിക്കുന്നതിൽനിന്ന് പുരോഹിതനും കൂട്ടരും അമ്മയെ വിലക്കി. പോസ്റ്റ്‌മോർട്ടം നടത്തുമ്പോൾ പോലീസ് പെൺകുട്ടിയുടെ അവയവയങ്ങൾ മോഷ്ടിക്കുമെന്നായിരുന്നു അവർ പറഞ്ഞ ന്യായം. പെൺകുട്ടിയുടെ മൃതദേഹം അതേ ശ്മശാനത്തിൽ സംസ്കരിച്ചു. എന്നാൽ, തങ്ങളുടെ അനുമതിയില്ലാതെ സംസ്കരിച്ചതിനെതിരേ അമ്മയും അച്ഛനും ബഹളമുണ്ടാക്കി. തുടർന്ന്, ഗ്രാമവാസികൾ തടിച്ചുകൂടി. രാത്രി പത്തരയോടെ പോലീസിനു വിവരം ലഭിച്ചു. സംഭവത്തിൽ പുരോഹിതനടക്കം നാലുപേരെ പിടികൂടി. ഫൊറൻസിക് സംഘമെത്തി സ്ഥലപരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

അന്വേഷണം വേഗത്തിലാക്കണം-മന്ത്രി

ന്യൂഡൽഹി : ഓൾഡ് നംഗലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടിയുടെ രക്ഷിതാക്കളെ വനിത-ശിശുക്ഷേമമന്ത്രി രാജേന്ദ്രപാൽ ഗൗതം സന്ദർശിച്ചു. സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റുമായും ഡെപ്യൂട്ടി പോലീസ് കമ്മിഷണറുമായും മന്ത്രി ചർച്ച നടത്തി.

ഞെട്ടിക്കുന്ന സംഭവമാണ് നടന്നതെന്നും വിഷയത്തിൽ അതിവേഗ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെങ്കിൽ സംസ്ഥാനസർക്കാർ മജിസ്‌ട്രേറ്റുതല അന്വേഷണത്തിന് ഉത്തരവിടുമെന്നും അദ്ദേഹം രക്ഷിതാക്കൾക്ക് ഉറപ്പുനൽകി. മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം പെൺകുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്ന കാര്യവും പരിഗണിക്കും.