ന്യൂഡൽഹി: അടുത്തിടെ ഡൽഹിയിൽ അരങ്ങേറുന്ന കുറ്റകൃത്യങ്ങൾക്കെതിരേ പാർലമെന്റിൽ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി. രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹി ഇപ്പോൾ കുറ്റകൃത്യങ്ങളുടെ പേരിൽ അറിയപ്പെടുകയാണെന്ന് എ.എ.പി. എം.പി. സഞ്ജയ് സിങ് രാജ്യസഭയിൽ പറഞ്ഞു.
നഗരത്തിൽനടന്ന വിവിധ കുറ്റകൃത്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിങ് ഇക്കാര്യം ഉന്നയിച്ചത്. കഴിഞ്ഞ ഒരുമാസത്തിനിടെ ഡൽഹിയിലെ തെരുവുകളിൽ 220 തവണ വെടിവെപ്പുണ്ടായി. ഒരുവർഷത്തിനിടെ 243 ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്തു. കൊലപാതകങ്ങളുടെ എണ്ണവും വർധിച്ചു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യോഗം വിളിക്കണമെന്നും അതിൽ ഡൽഹി മുഖ്യമന്ത്രിയെ ക്ഷണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റവുമൊടുവിൽ ഞായറാഴ്ച വസന്ത് വിഹാറിൽ വയോധിക ദമ്പതിമാരും വീട്ടുവേലക്കാരിയുമാണ് കൊല്ലപ്പെട്ടത്. കിഴക്കൻ ഡൽഹിയിൽ യുവമാധ്യമപ്രവർത്തകയ്ക്ക് വെടിയേറ്റ സംഭവവും റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ നടക്കുന്ന കുറ്റകൃത്യങ്ങളെ അപലപിച്ച് ഞായറാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രംഗത്തുവന്നിരുന്നു. 24 മണിക്കൂറിനിടെ ഒമ്പത് കൊലപാതകങ്ങൾ നടന്നെന്ന് പറഞ്ഞ കെജ്‌രിവാൾ ഡൽഹിക്കാരുടെ സുരക്ഷയ്ക്കായി ആരുടെ വാതിലിലാണ് മുട്ടേണ്ടതെന്നും ചോദിച്ചിരുന്നു.
സംസ്ഥാനത്തിന്റെ ക്രമസമാധാന പരിപാലനച്ചുമതലയുള്ള ഡൽഹി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന് നേർക്കുള്ള ഒളിയമ്പായിരുന്നു ഇത്. ഡൽഹി പോലീസിനെ സംസ്ഥാന സർക്കാരിന്റെ കീഴിൽ വിട്ടുതരണമെന്നത് കെജ്‌രിവാൾ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. ഇക്കാര്യത്തിൽ, കഴിഞ്ഞവർഷം നിയമസഭയിൽ പ്രമേയവും പാസാക്കിയിരുന്നു. എന്നാൽ, എ.എ.പി.യുടെ ഈ ആവശ്യം ഇതുവരെയും കേന്ദ്ര സർക്കാർ പരിഗണിച്ചിട്ടില്ല.
ക്രമസമാധാനനില മെച്ചപ്പെടുത്താൻ കേന്ദ്രവുമായി സഹകരിക്കും-കെജ്‌രിവാൾ
ഡൽഹിയിലെ ക്രമസമാധാനനില മെച്ചപ്പെടുത്താൻ കേന്ദ്ര സർക്കാരുമായി താൻ പൂർണമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നഗരത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് കാരണം ബി.ജെ.പി.യാണെന്ന് എ.എ.പി. ആരോപിച്ചതിന്റെ പിറ്റേദിവസമായ തിങ്കളാഴ്ചയാണ് കെജ്‌രിവാളിന്റെ പ്രതികരണം. ക്രമസമാധാനം മെച്ചപ്പെടുത്താൻ രാഷ്ട്രീയം മാറ്റിവെച്ച് കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്. പൊതുജനങ്ങളുടെ സഹകരണവും ഉണ്ടാവണം. വൻതോതിൽ സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കുന്നത് ഡൽഹിസർക്കാർ ആരംഭിച്ചുകഴിഞ്ഞു. കുറ്റകൃത്യങ്ങളെ പ്രതിരോധിക്കാൻ ഇക്കാര്യം സഹായിക്കും. ഏതാനുംദിവസങ്ങൾക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡൽഹിയുടെ വികസനത്തിൽ കേന്ദ്രത്തിന് എ.എ.പി. സർക്കാരിന്റെ സഹകരണം ഉണ്ടാവുമെന്ന് കെജ്‌രിവാൾ ഉറപ്പുനൽകിയിരുന്നു.
Content Highlights: Crimes increasing, AAP