ന്യൂഡൽഹി: വീട്ടിനുള്ളിൽ ദമ്പതിമാരെയും മൂന്നു മക്കളെയും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വടക്കുകിഴക്കൻ ഡൽഹിയിലെ ഭജൻപുരയിലെ വീട്ടിൽനിന്നാണ് ബുധനാഴ്ച രാവിലെ അഞ്ചുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

ബിഹാർ സ്വദേശിയായ ഇ-റിക്ഷാ ഡ്രൈവർ ശംഭു ചൗധരി (43), ഭാര്യ സുനിത (37), മക്കളായ ശിവം (17), സച്ചിൻ (14), കോമൾ (12) എന്നിവരാണ് മരിച്ചത്. വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പോലീസിൽ പരാതിപ്പെട്ടതോടെയാണ് വിവരം പുറത്തുവന്നത്.

couple and their three children were found dead inside the homeപോലീസെത്തി വീട്ടിന്റെ വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. അഞ്ചുദിവസത്തോളം പഴക്കമുള്ള മൃതദേഹങ്ങൾ വളരെയധികം അഴുകിയനിലയിലായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

മരണകാരണം അറിവായിട്ടില്ലെന്നും ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഫൊറൻസിക് വിദഗ്ധർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഭജൻപുരയിൽ ഇ-റിക്ഷ ഓടിച്ചാണ് ശംഭു കുടുംബം പുലർത്തിയിരുന്നത്. കഴിഞ്ഞ അഞ്ചുമാസമായി ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

Content Highlights: couple and their three children were found dead inside the home