ന്യൂഡല്‍ഹി: എ.എ.പി. സര്‍ക്കാരിനും ബി.ജെ.പി.ക്കും വേണ്ടി പ്രാര്‍ഥിച്ച് കോണ്‍ഗ്രസിന്റെ ഹോളി ആഘോഷം.

ഡി.പി.സി.സി. അധ്യക്ഷന്‍ അജയ് മാക്കന്റെ നേതൃത്വത്തിലുള്ള ഹോളി ആഘോഷത്തില്‍ കൊട്ടും മേളവുമായി നേതാക്കളും പ്രവര്‍ത്തകരും ഒത്തുകൂടിയതും ശ്രദ്ധേയമായി.

എ.എ.പി.യും ബി.ജെ.പി.യും തമ്മിലുള്ള പോരില്‍ ഡല്‍ഹിയിലെ ജനങ്ങളുടെ സമാധാനജീവിതം തകര്‍ന്നിരിക്കുന്നു. മുദ്രവയ്ക്കലിനെ തുടര്‍ന്നു വ്യാപാരികളുടെ ജീവിതവും തകര്‍ന്നു.

ഈ ഹോളി ദിവസത്തില്‍ ഞങ്ങള്‍ എ.എ.പി.ക്കും ബി.ജെ.പി.ക്കും ഡല്‍ഹിയിലെ ഭരണകാര്യങ്ങള്‍ നന്നായി നടത്തിക്കൊണ്ടുപോവാന്‍ കഴിയട്ടെ എന്നു പ്രാര്‍ഥിക്കുന്നു.

എങ്കില്‍ മാത്രമേ ഡല്‍ഹിക്കാര്‍ക്കു വരുംകാലങ്ങളിലും മികച്ച സമാധാനപരമായി ഹോളിപോലുള്ള ആഘോഷങ്ങള്‍ നടത്താനാവൂ -അജയ് മാക്കന്‍ പറഞ്ഞു.

എ.എ.പി.ക്കും ബി.ജെ.പി.ക്കും നല്ല ബുദ്ധി കൊടുക്കാന്‍ ദൈവത്തോടു പ്രാര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മുന്‍ എം.പി. മഹാബല്‍ മിശ്ര, പൂര്‍വാഞ്ചല്‍ സെല്‍ ചെയര്‍മാന്‍ ശിവജി സിങ്, പി.കെ. മിശ്ര തുടങ്ങിയവരും ഹോളി ആഘോഷത്തില്‍ പങ്കെടുത്തു.