ന്യൂഡൽഹി : കോവിഡ് നിയന്ത്രണവിധേയമായതിനാൽ സ്കൂളുകൾ തുറക്കണമോയെന്ന് സർക്കാർ ചോദിച്ചപ്പോൾ പ്രതികരണം അറിയിച്ചവർ 35,000 പേർ. ജൂലായ് 28-ന് പ്രതികരണംതേടി അറിയിപ്പുനൽകിയപ്പോൾ ആദ്യ ഏഴുമണിക്കൂറിൽ 12,000 ഇ-മെയിലുകൾ കിട്ടി. കർശനമായ കോവിഡ് പ്രോട്ടോകോൾ പാലിച്ച് സ്കൂൾ തുറക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

ഭൂരിപക്ഷം പേരും സ്കൂളിൽ ക്ലാസുകൾ തുടങ്ങണമെന്ന അഭിപ്രായക്കാരാണെന്നു തോന്നുന്നതായി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ഇതുവരെ 35,000 പ്രതികരണങ്ങൾ ലഭിച്ചു. അതിൽ ആരൊക്കെ സ്കൂൾ തുറക്കുന്നതിനെ അനുകൂലിച്ചെന്നും പ്രതികൂലിച്ചെന്നും ഉടൻ പൊതുജനങ്ങളെ അറിയിക്കും.

കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞവർഷം മാർച്ചിൽ അടച്ചിട്ടതാണ് നഗരത്തിലെ സ്കൂളുകൾ. ഇടയ്ക്കുവെച്ച് പരീക്ഷയ്ക്കായി മുതിർന്ന വിദ്യാർഥികളുടെ ക്ലാസുകൾ താത്‌കാലികമായി തുറന്നെങ്കിലും രണ്ടാംതരംഗത്തോടെ അവ വീണ്ടും അടച്ചു. വാക്സിനേഷൻ പൂർത്തീകരിച്ചു മാത്രമേ സ്കൂളുകൾ തുറക്കൂവെന്ന് ആദ്യം സംസ്ഥാനസർക്കാർ നിലപാടെടുത്തിരുന്നു. എന്നാൽ, രാജ്യത്തെ ചില ഭാഗങ്ങളിൽ സ്കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിച്ച പശ്ചാത്തലത്തിൽ പുനർവിചിന്തനം നടത്തുകയായിരുന്നു. അതിന്റെ ഭാഗമായിട്ടാണ് പൊതുജനാഭിപ്രായം ആരാഞ്ഞത്.

സ്കൂൾ തുറക്കാൻ അനുമതിയുള്ള പഞ്ചാബിലെയും ഹരിയാണയിലെയും അനുഭവങ്ങൾകൂടി വിലയിരുത്തിയാവും ഡൽഹി സർക്കാരിന്റെ തീരുമാനം. കോവിഡ് സ്ഥിതി ഡൽഹിയിൽ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് സിസോദിയ പറഞ്ഞു. ഇപ്പോൾ ദിനംപ്രതി 40-60 പേർക്കു മാത്രമേ വൈറസ് ബാധിക്കുന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.