ന്യൂഡൽഹി: വർധിപ്പിച്ച സി.ബി.എസ്.ഇ. സ്കൂൾ പരീക്ഷാഫീസ് നൽകുന്നതിന്റെ ഭാരം വിദ്യാർഥികളിൽനിന്ന് ഒഴിവാക്കാനായി പരിഹാരമാർഗം തയ്യാറാക്കാൻ വിദ്യാഭ്യാസവകുപ്പിന് നിർദേശം നൽകിയതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ ഫീസ് സി.ബി.എസ്.ഇ. ഞായറാഴ്ച ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഉപമുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഇത്തരത്തിലാണ് കാര്യങ്ങൾ പോവുന്നതെങ്കിൽ സ്വന്തമായി ബോർഡ് രൂപവത്കരിക്കുന്ന കാര്യം പരിഗണിക്കേണ്ടിവരുമെന്ന് സിസോദിയ പറഞ്ഞു.
സി.ബി.എസ്.ഇ. അധികൃതരുമായി ഡൽഹി സർക്കാർ നടത്തിയ ചർച്ചയിൽ ഫീസ് ഉയർത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. വിദ്യാർഥികൾക്ക് ഇക്കാര്യം ബാധ്യതയാവുമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. എന്നാൽ, ഇക്കാര്യം പരിഗണിക്കാൻ അവർ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ ഫീസ് ഇനത്തിൽ 1150-ഓളം രൂപയുടെ വർധനയാണ് സി.ബി.എസ്.ഇ. വരുത്തിയത്. ജനറൽവിഭാഗത്തിലെ വിദ്യാർഥികളുടെ ഫീസ് 750 രൂപയിൽനിന്ന് 1500 രൂപയാക്കി ഉയർത്തി.
പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെ ഫീസ് 350 രൂപയിൽനിന്ന് 1200 രൂപയാക്കിയും വർധിപ്പിച്ചു. നിലവിൽ, പട്ടികജാതി-പട്ടികവർഗ വിദ്യാർഥികൾ 50 രൂപയാണ് സ്വന്തമായി നൽകുന്നത്. ശേഷിക്കുന്ന തുക സംസ്ഥാനസർക്കാർ സബ്‌സിഡിയായി നൽകുകയാണ് ചെയ്യുന്നത്. ഉപമുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഏതാനും ദിവസങ്ങൾക്കകം പരിഹാരമാർഗം കണ്ടെത്തുമെന്ന് വിദ്യഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.
തീരുമാനം പുനഃപരിശോധിക്കാൻ സി.ബി.എസ്.ഇ.യോട് ആവശ്യപ്പെടുകയോ സബ്‌സിഡി നൽകാനുള്ള മാർഗങ്ങൾ തേടുകയോ ചെയ്യും. വിദ്യാർഥികൾക്ക് സാമ്പത്തികപ്രതിസന്ധി ഉണ്ടാവുന്ന സാഹചര്യം സൃഷ്ടിക്കില്ലെന്നും അവർ വ്യക്തമാക്കി.
Content Highlights: CBSE exam fees increased