ന്യൂഡൽഹി: കൊലപാതകക്കേസിലെ പ്രതിയെ വാഹനത്തിൽ പിന്തുടർന്ന പോലീസ് കോൺസ്റ്റബിളിനെ അക്രമിസംഘം റോഡിലൂടെ വലിച്ചിഴക്കുകയും സർവീസ് റിവോൾവർ തട്ടിയെടുക്കുകയും ചെയ്തു. രോഹിണി സെക്ടർ 20-ൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. പ്രതികളെ പിന്നീട് അറസ്റ്റുചെയ്തു.

അമൻ വിഹാർ പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ കവിന്ദറിനെയാണ് അക്രമിച്ചത്. പ്രതികളായ സോനു ദബാസ്, അശോക്, ഒരു പ്രായപൂർത്തിയാകാത്തയാൾ എന്നിവരാണ് പിടിയിലായത്. പട്രോളിങ് നടത്തവേ കൊലപാതകക്കേസിലെ പ്രതിയായ സോനു ദബാസ് മറ്റു രണ്ടുപേരോടൊപ്പം കാറിൽ സഞ്ചരിക്കുന്നതായി കവിന്ദറിന് വിവരം ലഭിച്ചു. ഇതോടെ കവിന്ദർ ഒപ്പമുള്ള കോൺസ്റ്റബിൾ രാജേഷിനൊപ്പം സോനുവിന്റെ കാറിനെ സമീപിച്ചെങ്കിലും അവർ വേഗത്തിൽ ഓടിച്ചുപോയി. തുടർന്ന് ജീപ്പിൽ പ്രതികളെ പിന്തുടർന്ന കവിന്ദർ ഒരു വളവിൽവെച്ച് അവരുടെ കാർ തടഞ്ഞുനിർത്തി വലതുവശത്തെ ചിൽ ഇടിച്ചുതകർത്ത് അകത്തേക്ക് തോക്കുചൂണ്ടി. എന്നാൽ, പ്രതികളിലൊരാൾ കവിന്ദറിന്റെ കൈയ്യിൽ ബലമായി പിടിക്കുകയും കാർ ഓടിച്ചുനീക്കുകയും ചെയ്തു. ഇതോടെ റോഡിലൂടെ കവിന്ദർ ഏതാനും മീറ്ററുകൾ വലിച്ചിഴക്കപ്പെട്ടു. ഇതിനിടയിൽ പ്രതികൾ തോക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. അക്രമത്തിൽ കോൺസ്റ്റബിളിന് പരിക്കേറ്റു.

വിവരമറിഞ്ഞ് പോലീസ് നടത്തിയ അന്വേഷണത്തിൽ നഗരത്തിന്റെ രണ്ടിടങ്ങളിൽനിന്നായി പ്രതികളെ അറസ്റ്റുചെയ്തു. ഇവർ തട്ടിയെടുത്ത സർവീസ് റിവോൾവറും സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കടം വാങ്ങിയ 10,000 രൂപ തിരിച്ചുനൽകാത്തതിനെത്തുടർന്ന് 2010-ൽ കഞ്ചേവാല നിവാസി രാഹുലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് സോനുവെന്ന് പോലീസ് പറഞ്ഞു.

Content Highlights: Attacked and Stole revolver from police constable