ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആം ആദ്മി പാർട്ടിയുടെ പ്രകടനപത്രിക ഈ മാസം 20-ന് പുറത്തിറക്കും. താഴെത്തട്ടുമുതൽ വിവിധ ജനവിഭാഗങ്ങളുടെ അഭിപ്രായം ഉൾപ്പെടുത്തിയായിരിക്കും പ്രകടനപത്രിക തയ്യാറാക്കുക. ഗൃഹസന്ദർശനം, മൊഹല്ല സഭകൾ തുടങ്ങിയവ വഴിയാണ് അഭിപ്രായശേഖരണം നടത്തുന്നത്.
ആപ് വക്താവ് ആരുഷി, മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥൻ അജോയ് കുമാർ, കൊളംബിയ സർവകലാശാലയിലെ പൂർവവിദ്യാർഥിയും ഡയലോഗ് ആൻഡ് ഡെവലപ്‌മെന്റ് കമ്മിഷൻ ഉപാധ്യക്ഷൻ ജാസ്മിൻ ഷാ എന്നിവരാണ് പ്രകടനപത്രിക തയ്യാറാക്കുന്നത്. ആപ് സർക്കാരിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തന നേട്ടങ്ങൾ പ്രകടന പത്രികയിൽ ഉയർത്തിക്കാട്ടുമെന്ന് ആപ് നേതാവ് ഗോപാൽ റായി പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തന നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന ‘ആപ് കാ റിപ്പോർട്ട്’ എന്ന ലഘുലേഖകളുമായി 30 ലക്ഷം വീടുകൾ ആപ് പ്രവർത്തകർ സന്ദർശിക്കുമെന്ന് ഗോപാൽ റായി അറിയിച്ചു.
ഇതോടൊപ്പം 650 മൊഹല്ല സഭകളിലും ഈ റിപ്പോർട്ട് കാർഡ് വിതരണം ചെയ്യും. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് നടപ്പാക്കിയ പത്ത് പ്രധാന പദ്ധതികളുടെ വിവരങ്ങളാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. അറുപതിനായിരം പാർട്ടിപ്രവർത്തകരാണ് വീടു തോറുമുള്ള പ്രചാരണപരിപാടികളിൽ പങ്കെടുക്കുന്നത്. മൊഹല്ല് സഭകളിൽ പാർട്ടി എം.എൽ.എ.മാരും പങ്കെടുക്കും.
ആപ്പിന്റെ പ്രചാരണപരിപാടികളുടെ ഭാഗമായി ഏഴു ടൗൺഹാൾ യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മുഖ്യപ്രചാരകനുമായ അരവിന്ദ് കെജ്‌രിവാളാണ് ടൗൺ ഹാൾ യോഗങ്ങളിൽ സംസാരിക്കുന്നത്.
ആപ്പിന്റെ ആദ്യ സ്ഥാനാർഥിപ്പട്ടിക ഈ മാസം 14-ന് മുമ്പായി പുറത്തിറക്കാനാണ് പാർട്ടിനേതൃത്വം ആലോചിക്കുന്നത്.
Content Highlights: Atishi to head AAP manifesto team