ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ഭരണം ജനങ്ങൾക്ക് ഡൽഹി സർക്കാരിലുള്ള വിശ്വാസം വർധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യതലസ്ഥാനത്ത് ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയിരുന്ന അനധികൃത റെയ്ഡുകൾ സർക്കാർ അവസാനിപ്പിച്ചു. ഇതോടെ ജനങ്ങൾ കൃത്യമായി നികുതി അടയ്ക്കാൻ തുടങ്ങിയെന്നും ഇക്കാര്യം സർക്കാരിന്റെ വരുമാനം 2015-നെ അപേക്ഷിച്ച് ഇത്തവണ ഇരട്ടിയാക്കിയെന്നും കെജ്‌രിവാൾ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ ഡെങ്കിപ്പനി പ്രതിരോധ കാമ്പയിനിന്റെ ഭാഗമായി തൽക്കത്തോറ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2015-ൽ നികുതിയിൽനിന്നുള്ള സർക്കാരിന്റെ വരുമാനം 30,000 കോടി രൂപയായിരുന്നു. എന്നാൽ, 2019-ൽ വരുമാനം 60,000 കോടി രൂപയായി കുതിച്ചുയർന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ നടന്ന ഒട്ടേറെ ‘അത്ഭുതങ്ങളിൽ’ ഒന്നാണിത്. 25,000 കോടി രൂപയായിരുന്നു 2010-ലെ വരുമാനം. 2010-15 കാലയളവിൽ ശരാശരി 1,000 കോടി രൂപ വീതമായിരുന്നു പ്രതിവർഷം വരുമാനം വർധിച്ചിരുന്നത്. എന്നാൽ, 2015 മുതൽ പ്രതിവർഷം 6,000 കോടി രൂപ വീതമാണ് വരുമാനം ലഭിക്കുന്നത്. ജനങ്ങൾക്ക് സർക്കാരിലുള്ള വിശ്വാസം കൂടുന്നതാണ് വരുമാനം വർധിക്കുന്നതിന് കാരണമെന്ന് കെജ്‌രിവാൾ അവകാശപ്പെട്ടു.
താൻ ആദായനികുതിവകുപ്പിൽ പ്രവർത്തിക്കവേ എന്തുകൊണ്ടാണ് ജനങ്ങൾ നികുതിനൽകാൻ തയ്യാറാകാത്തതെന്ന് ചിന്തിച്ചിരുന്നു. സർക്കാരിൽ അഴിമതിയുണ്ടെന്ന് ജനങ്ങൾക്ക് തോന്നിയാൽ അവർ നികുതി അടയ്ക്കാൻ കൂട്ടാക്കില്ലെന്നതാണ് ഇതിനുള്ള ഒരു കാരണം. എന്നാൽ, സർക്കാർ സത്യസന്ധമാണെന്ന് അവർക്ക് അനുഭവപ്പെട്ടാൽ നികുതി കൃത്യമായി നൽകും. അനധികൃത റെയ്ഡുകൾ നിർത്തലാക്കിയതിനാൽ വ്യാപാരികളും ഇപ്പോൾ ഏറെ ആശ്വാസത്തിലാണ്- കെജ്‌രിവാൾ പറഞ്ഞു. ഡെങ്കി പ്രതിരോധ കാമ്പയിനിൽ പൊതുജന പങ്കാളിത്തം വർധിപ്പിക്കാൻ റെസിഡന്റ് അസോസിയേഷനുകളുടെ ഉന്നതസമിതിയുമായി ധാരണാപത്രം ഒപ്പുവെച്ചതായി കഴിഞ്ഞയാഴ്ച സർക്കാർ അറിയിച്ചിരുന്നു. '
നഗരത്തിലെ 3000-ത്തോളം അസോസിയേഷനുകളെ ഇതിന്റെ ഭാഗമാക്കാനാണ് സർക്കാരിന്റെ ശ്രമം. വൈകാതെ സ്വതന്ത്ര റെസിഡന്റ് അസോസിയേഷനുകളുമായും ധാരാണാപത്രം ഒപ്പുവെക്കുമെന്ന് മുഖ്യമന്ത്രി പരിപാടിയിൽ അറിയിച്ചു. ഇത്തവണ ഡെങ്കിക്കേസുകൾ കുതിച്ചുയരുമെന്ന ഭീതിയുണ്ടായിരുന്നെന്ന് കെജ്‌രിവാൾ പറഞ്ഞു. 2015-ൽ ഡൽഹിയിൽ 15,000 ഡെങ്കിക്കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 60 പേർ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തിവരുന്ന പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗത്തെ ഫലപ്രദമായി നിയന്ത്രിക്കാൻ സാധിച്ചു. 2019-ൽ ഇതുവരെ 221 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്നും കെജ്‌രിവാൾ വ്യക്തമാക്കി. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച കാമ്പയിൻ നവംബർ 15-ന് സമാപിക്കും.
Content Highlights: Arvind Kejriwal says AAP rule has increased public confidence in government