arun jaitleyന്യൂഡൽഹി: മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ നിര്യാണത്തോടെ നഷ്ടമായത് ബി.ജെ.പി.ക്ക് ഡൽഹി സംഭാവനചെയ്ത തലയെടുപ്പുള്ള നേതാവിനെ. അടിമുടി ഡൽഹിക്കാരനായ രാഷ്ട്രീയനേതാവായിരുന്നു ജെയ്റ്റ്‌ലി.

ഡൽഹി സർവകലാശാലയിൽ എ.ബി.വി.പി. പ്രവർത്തകനായി തുടങ്ങിയ ജെയ്റ്റ്‌ലി 1974-ൽ വിദ്യാർഥി യൂണിയൻ പ്രസിഡന്റായി. തുടർന്നുള്ള വളർച്ച പ്രധാനമന്ത്രിപദത്തിലേക്കുവരെ പരിഗണിക്കപ്പെടാവുന്ന നേതാവെന്നനിലയിലേക്കായിരുന്നു. 1973-ൽ അഴിമതിക്കെതിരേയുള്ള ജയപ്രകാശ് നാരായണിന്റെ പോരാട്ടത്തിൽ പങ്കാളിയായി. നാഷണൽ കമ്മിറ്റി ഫോർ സ്റ്റുഡന്റ്‌സ് ആൻഡ് യൂത്ത് ഓർഗനൈസേഷൻ കൺവീനറായി ജയപ്രകാശ് നാരായൺ നിയോഗിച്ചത് ജെയ്റ്റ്‌ലിയെയായിരുന്നു.

പൗരാവകാശപ്രവർത്തനങ്ങളിൽ തത്പരനായിരുന്ന ജെയ്റ്റ്‌ലി, പി.യു.സി.എൽ. ബുള്ളറ്റിൻ ആരംഭിക്കാൻ സതീഷ് ഝാ, സ്മിതു കോത്താരി എന്നിവരുമായി ചേർന്ന് പ്രവർത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം കരുതൽ തടങ്കലിലായിരുന്നു. ജയിലിൽനിന്ന് പുറത്തെത്തിയതിനുശേഷം ജനസംഘിൽ ചേർന്നു. ലോക് താന്ത്രിക് യുവമോർച്ച കൺവീനറായിരിക്കെ എ.ബി.വി.പി. ഡൽഹി ഘടകം അധ്യക്ഷനായി. തുടർന്ന് ദേശീയ സെക്രട്ടറിയായി. ബി.ജെ.പി. യൂത്ത് വിങ് പ്രസിഡന്റായി. ഇതിനിടെ നിയമപഠനം പൂർത്തിയാക്കിയ ജെയ്റ്റ്‌ലി 1977-ൽ സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും പ്രാക്ടീസ് ആരംഭിച്ചു.

1989-ൽ അഡീഷണൽ സോളിസിറ്റർ ജനറലായി. 1991-ൽ ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗമായി നിയോഗിക്കപ്പെട്ടതിലൂടെ ദേശീയരാഷ്ട്രീയത്തിലെത്തിയ ജെയ്റ്റ്‌ലിയുടെ തുടർന്നുള്ള വളർച്ച അതിവേഗത്തിലായിരുന്നു. രാഷ്ട്രീയരംഗത്തും നിയമരംഗത്തും നിറഞ്ഞുനിന്ന ജെയ്റ്റ്‌ലി കായികരംഗത്തും സജീവസാന്നിധ്യമായിരുന്നു. ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷനിൽ ഏറ്റവും കൂടുതൽക്കാലം പ്രസിഡന്റായി സേവനമനുഷ്ഠിച്ചവരിൽ ഒരാളായിരുന്നു. 1999 മുതൽ 2013 വരെ പ്രസിഡന്റായിരുന്നു. ഈ കാലത്താണ് ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം നവീകരിച്ചതും ഫ്ളഡ്‌ലിറ്റുകൾ സ്ഥാപിച്ചതും. എന്നാൽ, 2006 മുതൽ 2012 വരെ നടന്ന അസോസിയേഷനിലെ സാമ്പത്തിക ഇടപാടുകളിൽ ക്രമക്കേടുകൾ ആരോപിക്കപ്പെട്ടത് അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമായി.

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ബിഷൻസിങ് ബേദി, കീർത്തി ആസാദ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവർ ആരോപണവുമായി രംഗത്തെത്തി. ജെയ്റ്റ്‌ലി നൽകിയ മാനനഷ്ടക്കേസിൽ പിന്നീട് കെജ്‌രിവാൾ മാപ്പുപറഞ്ഞതിനെത്തുടർന്ന് ഒത്തുതീർന്നു. അതേസമയം അസോസിയേഷൻ മുൻ പ്രസിഡന്റും ക്രിക്കറ്റ് താരവുമായിരുന്ന ചേതൻ ചൗഹാനും മുൻ ക്രിക്കറ്റ് താരങ്ങളായ വീരേന്ദർ സേവാഗ്, ഗൗതം ഗംഭീർ എന്നിവരും ജെയ്റ്റ്‌ലിക്ക് പിന്തുണയുമായെത്തി. താരങ്ങളുടെ എന്ത് ആവശ്യങ്ങൾക്കും ഒപ്പംനിന്ന ഭരണാധികാരിയായിരുന്നു ജെയ്റ്റ്‌ലിയെന്നും സേവാഗ് പറഞ്ഞു.

രാജ്യത്തിന് വലിയ നഷ്ടം

മുൻ ധനമന്ത്രിയും മുതിർന്ന നേതാവുമായ അരുൺ ജെയ്റ്റ്‌ലിയുടെ അകാലമരണം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. നിയമവിദഗ്ധനും പരിചയസമ്പത്തുള്ള നേതാവും മികച്ച ഭരണാധികാരിയുമായിരുന്നു ജെയ്റ്റ്‌ലിയെന്നും കെജ്‌രിവാൾ പറഞ്ഞു.

രാജ്യത്തെ മികച്ച രാഷ്ട്രീയക്കാരിൽ ഒരാളായിരുന്നു. മനുഷ്യസ്നേഹിയുമായിരുന്നു. അദ്ദേഹവുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. ഈ നഷ്ടം നികത്താനാവില്ല. കെജ്‌രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അദ്ദേഹത്തിന്റെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.

ജെയ്റ്റ്‌ലിയുമായി അടുത്തബന്ധമാണുണ്ടായിരുന്നതെന്ന് ബി.ജെ.പി. നേതാവ് വിജയ് ഗോയൽ പറഞ്ഞു. ശ്രീറാം കോളേജ് സ്റ്റുഡന്റ്‌സ് യൂണിയൻ തിരഞ്ഞെടുപ്പിൽ തങ്ങൾ ഒരുമിച്ചാണ് മത്സരിച്ചത്. അദ്ദേഹം പ്രസിഡന്റും താൻ സെക്രട്ടറിയുമായി വിജയിച്ചെന്നും ഗോയൽ പറഞ്ഞു. ജെയ്റ്റ്‌ലിയുടെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് വെസ്റ്റ് ഡൽഹി എം.പി. സാഹിബ് സിങ് വർമ പറഞ്ഞു. തന്റെ ഒരുഭാഗം നഷ്ടമായതായി ഗൗതം ഗംഭീർ പറഞ്ഞു. പിതൃതുല്യനായ വ്യക്തിയെയാണ് നഷ്ടമായതെന്നും ഗംഭീർ പറഞ്ഞു. വീരേന്ദർ സേവാഗ്, ആകാശ് ചോപ്ര എന്നിവരും അനുശോചിച്ചു.