ന്യൂഡല്‍ഹി: കേരള ഹൗസിലെ ക്രമക്കേടുകളെക്കുറിച്ചും പിന്‍വാതില്‍ നിയമനങ്ങളെക്കുറിച്ചും പരാതി നല്‍കിയ അഭിഭാഷകനെ അറസ്റ്റു ചെയ്തു. കേരളഹൗസ് ക്രമക്കേടുകളില്‍ ഹര്‍ജിയുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച അഡ്വ. ഓം മംഗലശ്ശേരിയെയാണ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തത്. അതേസമയം, അഴിമതിക്കെതിരെ പോരാട്ടം നടത്തിയതിന് തനിക്കെതിരെ ഉദ്യോഗസ്ഥര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് അറസ്റ്റെന്ന് ഓം മംഗലശ്ശേരി ആരോപിച്ചു.
 
ഔദ്യോഗിക ഉത്തരവു ലഭിച്ച് കേരളഹൗസില്‍ താമസത്തിനെത്തിയ തന്നെ കണ്‍ട്രോള്‍ പി. രാമചന്ദ്രന്‍ അപമാനിച്ച് ഇറക്കിവിട്ടു. കേരള ഹൗസിലെ അഴിമതിക്കെതിരെ താന്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യത്തില്‍ പൊതുഭരണ സെക്രട്ടറി, െറസിഡന്റ് കമ്മിഷണര്‍, അഡീഷണല്‍ റെസിഡന്റ് കമ്മിഷണര്‍, കണ്‍ട്രോള്‍ എന്നിവര്‍ ഗൂഢാലോചന നടത്തി. ഇക്കാര്യമാണ് വ്യാഴാഴ്ച നല്‍കിയ പരാതിയില്‍ താന്‍ ഉന്നയിച്ചത്. അതിലുള്ള വൈരാഗ്യത്തില്‍ കൂടിയാണ് വെള്ളിയാഴ്ച തന്നെ അറസ്റ്റു ചെയ്യിച്ചതെന്നും ഓം മംഗലശ്ശേരി പറഞ്ഞു.

അധികാരം ദുര്‍വിനിയോഗം നടത്തി പൊതുപ്രവര്‍ത്തകനെ ചെയ്ത് അറസ്റ്റു ചെയ്യിച്ച നടപടിയില്‍ ഭരണകക്ഷി അനുകൂല സംഘടനകള്‍ അഡീഷണല്‍ റെസിഡന്റ് കമ്മിഷണര്‍ക്കു മുമ്പാകെ പ്രതിഷേധമറിയിച്ചു. എന്‍.ജി.ഒ. യൂണിയനും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനുമാണ് എ.ആര്‍.സിയെ കണ്ടത്. അറസ്റ്റു ചെയ്യാനിടയായ സാഹചര്യം എ.ആര്‍.സി. യൂണിയന്‍ നേതാക്കളോടു വിശദീകരിച്ചു.

കേരളഹൗസില്‍ താമസിക്കാന്‍ പൊതുഭരണ വകുപ്പിന്റെ ഉത്തരവു ലഭിച്ചാണ് താന്‍ വന്നതെന്ന് ഓം മംഗലശ്ശേരി പറഞ്ഞു. ഉത്തരവിന്റെ കോപ്പിയെടുക്കാന്‍ താന്‍ വ്യാഴാഴ്ച കേരളഹൗസിലെ ടെലിഫോണ്‍ എക്‌സേഞ്ചില്‍ പോയി. അപ്പോള്‍ അവിടേക്കു വന്ന കണ്‍ട്രോളര്‍ തന്നെ കൈയേറ്റം ചെയ്തു. വിഷയത്തില്‍ വൈകിട്ട് താന്‍ കൊണാട്ട് പ്ലേസ് പോലീസില്‍ പരാതിയും നല്‍കി. വെള്ളിയാഴ്ച കേരള ഹൗസില്‍ ചെന്നപ്പോഴാണ് തന്നെ അറസ്റ്റു ചെയ്യിച്ചതെന്നും മംഗലശ്ശേരി പറഞ്ഞു. കേരളഹൗസിലെ നിയമനങ്ങളില്‍ 2014-ല്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിക്കു ശേഷം കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡു ചെയ്തിരുന്നു.