ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിന് അനധികൃതമായി ഇറക്കുമതിചെയ്ത പടക്കങ്ങളും വ്യാജപടക്കങ്ങളും തടയാന്‍ വാട്‌സാപ്പ് സംവിധാനവുമായി സംസ്ഥാന സര്‍ക്കാര്‍. ദീപാവലി പരിസ്ഥിതി സൗഹൃദമാക്കാനുള്ള പ്രചാരണ പദ്ധതിയുടെ ഭാഗമായിട്ടാണ് ഈ സൗകര്യം.
 
അനധികൃത പടക്കങ്ങളുടെ ശേഖരവും വില്പനയും ശ്രദ്ധയില്‍പ്പെട്ടാല്‍ 9717593574 എന്ന നമ്പറിലുള്ള വാട്‌സാപ്പില്‍ പരാതിപ്പെടാമെന്ന് പരിസ്ഥിതിമന്ത്രി ഇമ്രാന്‍ ഹുസൈന്‍ അറിയിച്ചു. ദീപാവലി പടക്കരഹിതവും പരിസ്ഥിതി സൗഹൃദവുമാക്കുന്നതിന്റെ പ്രചാരണത്തിന്റെ ഭാഗമായി കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ പ്രത്യേക മേളയും സര്‍ക്കാര്‍ സംഘടിപ്പിച്ചു.

ദീപാവലിയുടെ ഭാഗമായി അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് സര്‍ക്കാര്‍. െറസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷനുകള്‍, സ്‌കൂളുകളിലെ പരിസ്ഥിതി ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ബോധവത്കരണം.
 
പ്രകൃതിദത്ത നിറങ്ങളും വെളിച്ചങ്ങളുമൊക്കെ ഉപയോഗിച്ച് ദീപാവലി പരിസ്ഥിതി സൗഹൃദമാക്കാന്‍ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് പരിസ്ഥിതിമന്ത്രി പറഞ്ഞു. സര്‍വസാഹോദര്യത്തിന്റെ സന്ദേശമാണ് ദീപാവലി. പടക്കം ഒഴിവാക്കി ദീപാവലി വെളിച്ചത്തിന്റെയും പരിസ്ഥിതി സൗഹൃദത്തിന്റെയും ആഘോഷമാക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

പടക്കങ്ങള്‍ കാര്യമായി അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കും. അനധികൃത പടക്കങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ 11 പരിശോധനാസംഘങ്ങളെ നിയോഗിച്ചു. ദേശീയ തലസ്ഥാനമേഖലയിലെ 4000 ഇഷ്ടികച്ചൂളകളും നിര്‍മാണപ്രവര്‍ത്തനങ്ങളും ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വര്‍ധിപ്പിക്കുന്നു. പഞ്ചാബിലെയും ഹരിയാണയിലെയും വയലേലകളില്‍ തീയിടുന്നതും ഡല്‍ഹിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.