ന്യൂഡൽഹി : കഴിയാവുന്നവേഗം സ്കൂളുകൾ തുറക്കണമെന്ന് സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നതായി വിദ്യാഭ്യാസമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ശങ്കർ നഗറിലെ എസ്.കെ.വി. സ്കൂളിൽ അധ്യാപകരും രക്ഷിതാക്കളുമായി സംവദിക്കുകയായിരുന്നു ഉപമുഖ്യമന്ത്രി.

ഓൺലൈൻ വിദ്യാഭ്യാസം സ്കൂളിനു ബദലല്ല. സ്കൂളിൽ പോവുന്നത് കുട്ടിയുടെ സർവോന്മുഖ വികാസത്തിനു വഴിവെക്കും. വിദ്യാർഥികളുടെ വിലപ്പെട്ടസമയം പാഴാവാതിരിക്കാനാണ് ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയത്.

മതിയായ ആസൂത്രണമില്ലാതെ അത്‌ പെട്ടെന്നുതുടങ്ങേണ്ടി വന്നു. പക്ഷെ, നമ്മുടെ പരീക്ഷണം വിജയകരമായിരുന്നു. ഓൺലൈൻ പഠനം വിജയകരമാക്കുന്നതിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഏറെ ശ്രദ്ധേയമാണ്. അധ്യാപകരും അതിനു കഠിനാധ്വാനം ചെയ്തെന്നും സിസോദിയ അഭിപ്രായപ്പെട്ടു.

കോവിഡിന് വാക്സിൻ ഉടൻ കണ്ടെത്തും. എന്നാൽ, നഷ്ടപ്പെട്ട അധ്യയനദിവസങ്ങൾക്ക് വാക്സിനില്ല. അതുകൊണ്ടുതന്നെ മറ്റു ചെലവുകൾ വെട്ടിച്ചുരുക്കി നാം കുട്ടികളുടെ വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്നു. വിദ്യാഭ്യാസത്തിലുള്ള നഷ്ടം കുട്ടികൾക്കും രക്ഷിതാക്കൾക്കും മാത്രമല്ല, രാജ്യത്തിനാകെയാണ്. ഒന്നും കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചുകൂടാ. വീടുകളെ സ്കൂളുകളാക്കി മാറ്റാൻ ഡൽഹിയിലെ രക്ഷിതാക്കൾ ഏറെ പരിശ്രമിച്ചതായും വിദ്യാഭ്യാസമന്ത്രി പ്രശംസിച്ചു.

ഓൺലൈൻ പ്രാപ്തമല്ലാത്ത കുട്ടികളെ അധ്യാപകർ ഫോണിൽ വിളിച്ചു. ഇങ്ങനെ, സെമി-ഓൺലൈൻ അധ്യയനരീതി നടപ്പാക്കാനായി.

പഠനസാമഗ്രികളും ഈ കുട്ടികൾക്കുനൽകി. ഓൺലൈൻ സൗകര്യങ്ങളില്ലാത്ത ഒരു കുട്ടിയെ അധ്യാപിക അയൽവീട്ടിലെത്തിച്ച്‌ പഠിക്കാനുള്ള അവസരമൊരുക്കിയ അനുഭവവും മന്ത്രി വിവരിച്ചു.

ഡൽഹിയിലെ സർക്കാർ സ്കൂളുകളിൽ 98 ശതമാനമാണ് വിജയം. അഞ്ചുവർഷംമുമ്പ് ഇത്‌ 88 ശതമാനമായിരുന്നു. നമുക്കിനിയും മുന്നേറണം.

ഒരു കാറിൽമുന്നിലുള്ള കണ്ണാടി വലുതായിരിക്കും. സൈഡിലുള്ളത് ചെറുതും. മുന്നിലുള്ളതു നോക്കിയാവും നാം വണ്ടിയോടിക്കുക. അതുപോലെ, വലിയ കണ്ണാടി നോക്കി നാം വിദ്യാഭ്യാസത്തിലും മുന്നോട്ടു പോവണം. കഠിനാധ്വാനമില്ലാതെ മുന്നേറാൻ കഴിയില്ല- സിസോദിയ പറഞ്ഞു.