ന്യൂഡൽഹി : വടക്കുകിഴക്കൻ ഡൽഹിയിലെ ദയാൽപുരിലുള്ള വീട്ടിൽനിന്ന് 14 ലക്ഷത്തിലധികം രൂപയും ആഭരണങ്ങളും കൊള്ളയടിച്ച കേസിൽ മൂന്നുപേരെ അറസ്റ്റുചെയ്തു.

വീട്ടുടമസ്ഥനെയും അയാളുടെ 63 വയസ്സുള്ള അമ്മയെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച.

നെഹ്രു വിഹാർ നിവാസി മുഹമ്മദ് ചാന്ദ് (30), ഇയാളുടെ കൂട്ടാളികളും ഗാസിയാബാദിലെ ലോണി സ്വദേശികളുമായ ജാവേദ് (31), സലിം (19) എന്നിവരാണ് അറസ്റ്റിലായത്. ഡൽഹി സർവകലാശാല ജീവനക്കാരനായ സുനിൽ ശർമയുടെ വീട്ടിലാണ് ഇവർ കവർച്ച നടത്തിയത്. ശർമയുടെ കുടുംബവുമായി പരിചയമുള്ള ചാന്ദിന് വീട്ടിൽ പണവും ആഭരണങ്ങളുമുള്ള വിവരം അറിയാമായിരുന്നു.

10 ലക്ഷം രൂപ വായ്പയെടുത്തിരുന്ന ചാന്ദിന് കടം വീട്ടാനായി പണം നൽകിയവരിൽനിന്ന് സമ്മർദം നേരിട്ടിരുന്നു. ഇതേത്തുടർന്നാണ് കവർച്ച നടത്താൻ ഇയാൾ പദ്ധതിയിട്ടത്. തുടർന്ന് ശർമയും അമ്മയും വീട്ടിൽ ഒറ്റയ്ക്കുള്ളപ്പോൾ ചാന്ദും കൂട്ടാളികളുമെത്തി ഇവരെ തോക്കുചൂണ്ടി ബന്ദികളാക്കി കൊള്ളയടിക്കുകയായിരുന്നു. 14.25 ലക്ഷം രൂപ, 400 ഗ്രാം സ്വർണം, 500 ഗ്രാം വെള്ളി, ഒരു മൊബൈൽ ഫോൺ എന്നിവയാണ് കവർന്നത്. ഇതിനിടെ ശർമയുടെ അമ്മയെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. കൊള്ളയടിച്ച പണത്തിൽനിന്ന് 3.77 ലക്ഷം രൂപയും വെള്ളി ആഭരണങ്ങളും മൊബൈൽ ഫോണും പ്രതികളിൽനിന്ന് കണ്ടെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ രാകേഷ് പവേരിയ പറഞ്ഞു.